തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. ഇന്നു ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് നേതാക്കൾ തങ്ങളുടെ നിലപാട് അറിയിച്ചത്. കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, പി ജെ കുര്യൻ, വി എം സുധീരൻ എന്നിവരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാട് തിരഞ്ഞെടുപ്പ് സമിതിയോഗത്തെ അറിയിച്ചത്.
നിലവിൽ താൻ പാർട്ടിയെ നയിക്കുകയാണ്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് എന്നതാണ് തന്റെ ചുമതലയെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും മുല്ലപ്പളളി തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു. അതേസമയം, മുല്ലപ്പളളി മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡായിരിക്കും അന്തിമ തീരുമാനമെടുക്കുക.
എ ഐ സി സിയിൽ നിന്നടക്കം സമ്മർദ്ദം ഉണ്ടായിട്ടും മത്സരിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുതിർന്ന നേതാവ് വി എം സുധീരൻ. വട്ടിയൂർക്കാവിലോ കോഴിക്കോട്ടെ ഒരു സീറ്റിലോ വി എം സുധീരനെ മത്സരിപ്പിക്കണമെന്ന താത്പര്യമാണ് എ ഐ സി സി നേതൃത്വത്തിനുളളത്. ഇക്കാര്യം ആവശ്യപ്പെട്ട് എ ഐ സി സി സെക്രട്ടറിമാർ നേരത്തെ സുധീരനെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു.
തിരുവല്ല സീറ്റിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച പി ജെ കുര്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടാണ് ഇന്നത്തെ യോഗത്തിൽ സ്വീകരിച്ചത്. പതിവ് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതംവയ്പ്പിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പി സി ചാക്കോ യോഗത്തിൽ വിമർശനം ഉന്നയിച്ചു.
യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം കെ പി സി സി ഓഫീസിൽ മുല്ലപ്പളളി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എ ഐ സി സി സെക്രട്ടറിമാർ എന്നിവരുമായി നേതാക്കൾ ഒരോരുത്തരും പ്രത്യേകമായി ചർച്ച നടത്തി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.