ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്കുളള സബ്സിഡി നൽകുന്ന ഡൽഹി ഇവി പോളിസി 2020 പട്ടികയിൽ നിന്ന് ടാറ്റ നെക്സണെ നീക്കി ഡൽഹി സർക്കാർ. ഒറ്റ ചാർജിൽ 312 കിലോമീറ്റർ പോകുമെന്ന പരസ്യവാചകം പാലിക്കാത്തതിന് നിരവധി പരാതികൾ ലഭിച്ചതുകൊണ്ടാണ് കാറിനെ ലിസ്റ്റിൽ നിന്ന് നീക്കിയതെന്നാണ് സർക്കാർ അറിയിച്ചത്. ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ടാണ് വിവരം അറിയിച്ചത്. പറഞ്ഞത്ര ദൂരം നെക്സൺ ഇലക്ട്രിക് പോകുന്നില്ലെന്ന് ഒന്നിലധികം പരാതി ലഭിച്ചതായി കൈലാഷ് ഗെഹ്ലോട്ട് അറിയിച്ചു.
എന്നാൽ വാഹനങ്ങൾ പ്രത്യേക ഡ്രൈവിംഗ് കണ്ടീഷനിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്പനികൾ അവയുടെ മൈലേജും മറ്റ് ഗുണങ്ങളും പറയാറ്. ഇത് യഥാർത്ഥ റോഡിന്റെ അവസ്ഥയിലെത്തുമ്പോൾ വലിയ മാറ്റമുണ്ടാകാം ഇതാണ് നെക്സണും സംഭവിച്ചത്. കാലാവസ്ഥ, ഓടുന്ന റോഡിന്റെ അവസ്ഥ, ഓടാതെ കിടക്കുന്ന സമയം എന്നിവയും കാറിന്റെ പ്രകടനത്തെ ബാധിക്കും.
ഡൽഹി സർക്കാരിന്റെ തീരുമാനം നിർഭാഗ്യകരമായിപ്പോയെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവുമധികം വിൽപനയുളള ഇലക്ട്രോണിക് വാഹനമായി മാറിയ നെക്സൺ ഇതിനകം ആയിരക്കണക്കിന് കുടുംബങ്ങൾ സ്വന്തമാക്കി കഴിഞ്ഞതായും ടാറ്റ അറിയിച്ചു.