പാലക്കാട്: ഷാഫി പറമ്പിൽ എം.എൽ.എയ്ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ഡി.സി.സി അദ്ധ്യക്ഷൻ എ.വി. ഗോപിനാഥിന്റെ ഇടതു പ്രവേശനം തളളാതെ സി.പി.എം. സാഹചര്യങ്ങൾക്കനുസരിച്ചു തീരുമാനമെടുക്കുമെന്നും പരിഗണിക്കുന്നത് വിജയസാദ്ധ്യത മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രതികരിച്ചു. അതേസമയം സി.പി.എം നേതാവ് പി.കെ. ശശി എം.എൽ.എ ഗോപിനാഥിനെ സ്വാഗതം ചെയ്തു.
പലരും കോൺഗ്രസിൽ നിന്നും രാജിവച്ച് വരുന്നുണ്ട്. താഴെതട്ടിലുളള നേതാക്കളും ഉന്നത നേതാക്കളും വരെ അത്തരത്തിൽ ചിന്തിക്കുന്നുണ്ട്. അങ്ങനെ ചിന്തിക്കുന്നത് വലിയ സന്തോഷകരമായ കാര്യമാണ്. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണെന്നും പി.കെ. ശശി പ്രതികരിച്ചു.
അതേസമയം ആദ്യം ഗോപിനാഥ് കോൺഗ്രസ് വിട്ട് പുറത്തുവരട്ടെയെന്ന് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പ്രതികരിച്ചു. സി.പി.എം നിലപാട് പിന്നീട് തീരുമാനിക്കുമെന്നും കോൺഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വവും വ്യക്തമാക്കി.
പാലക്കാട് ജില്ലാ കോൺഗ്രസിൽ എൽ.ഡി.എഫ് പിന്തുണയോടെയാണ് ഗോപിനാഥ് വിമത നീക്കം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. സി.പി.എം നേതാക്കളുമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്ന് അദ്ദേഹം നേരത്തെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. ഒരിക്കലും പാർട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാർട്ടി തന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നുമാണ് ഗോപിനാഥിന്റെ നിലപാട്.