കൊല്ലം: 'റോഡിലും ആകാശത്തും വെള്ളത്തിലും കുതിച്ചുപായുന്ന അദ്ഭുതവാഹനം' - ഇതൊരു കുട്ടി സ്വപ്നമായിരുന്നു. പക്ഷേ, ആനന്ദിന്റെ വളർച്ചയിൽ അത് ഒപ്പം കൂടി. തന്നിലലിഞ്ഞ ആ സ്വപ്നത്തെ കൈപ്പിടിയിലാക്കാൻ ജോലി ഉപേക്ഷിച്ചു, കൊല്ലം ശാസ്താംകോട്ട കുമരംചിറ വിജയവിലാസത്തിൽ ആനന്ദ് കല്യാണി (28). സ്വന്തമായി നിർമ്മിച്ച ആ വിസ്മയവാഹനത്തിന് പേരുമിട്ടു, 'ട്രൈക്ക്". ഇതിന്റെ പേറ്റന്റിനായുള്ള കാത്തിരിപ്പിലാണ് ആനന്ദ്.
ഒരേ എൻജിന് ചിറകുകൾ വയ്ക്കുമ്പോൾ അത് ഹെലികോപ്ടറും ഫൈബർ ഫ്ളോട്ട് പിടിപ്പിക്കുമ്പോൾ വാട്ടർബോട്ടും, വീലുകൾ ഘടിപ്പിക്കുന്നതോടെ റോഡിലോടുന്ന തുറന്ന കോപ്റ്ററുമാകും. വെള്ളത്തിലോടുന്നതിനൊപ്പം പറന്നുയരാനും തിരിച്ച് ജലോപരിതലത്തിലിറങ്ങാനും കഴിയും. ബജാജ് എൻ.എസ് 200 ബൈക്കിന്റെ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ജി.ഐ പൈപ്പുകൾ, അലൂമിനിയം ഷീറ്റുകൾ, സ്റ്റീൽ, തെർമ്മോക്കോൾ എന്നിവയിലാണ് ബോഡി നിർമ്മിച്ചത്.
കുട്ടിക്കാലത്ത് അച്ഛൻ അനന്ദകൃഷ്ണൻ വാങ്ങിനൽകിയ കളിപ്പാട്ടത്തിൽ നിന്നാണ് ഹെലികോപ്ടർ നിർമ്മിക്കണമെന്ന ആഗ്രഹം ആനന്ദിലെത്തിയത്. അച്ഛന്റെ മരണശേഷം നിരാശനാകാതെ പഠനത്തിൽ മുന്നേറിയ ആനന്ദ് പ്ലസ്ടു കഴിഞ്ഞപ്പോൾ മാരുതിക്കാറിന്റെ എൻജിനിൽ ഹെലികോപടറുണ്ടാക്കി. പറക്കാൻ ലൈസൻസും മറ്റും വേണമെന്നതിനാൽ കൊച്ചു പരീക്ഷണപ്പറക്കൽ നടത്തി ആ കണ്ടുപിടിത്തം സൂക്ഷിച്ചുവച്ചു.
ഇതിനിടെ മറൈൻ എൻജിനിയറിംഗിൽ ഡിപ്ലോമയും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏവിയേഷനിൽ നിന്ന് എയർക്രാഫ്ട് മെയിന്റനൻസ് എൻജിനിയറിംഗ് ബിരുദവും നേടി. തുടർന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കിലും റിലയൻസിലും ജോലി ലഭിച്ചെങ്കിലും 'ഹെലികോപ്ടർ സ്വപ്ന'ത്തിൽ രാജിവച്ചു.
പരീക്ഷണങ്ങൾക്കും നിർമ്മാണങ്ങൾക്കുമെല്ലാം അമ്മൂമ്മ കല്യാണിയായിരുന്നു കൂട്ട്. അമ്മൂമ്മയെ മറക്കാതിരിക്കാനാണ് പേരിനൊപ്പം 'കല്യാണി" എന്ന് ചേർത്തത്. അമ്മ കെ.പി. ചെല്ലമ്മയും സഹോദരി അർച്ചനയും പിന്തുണയുമായി ഒപ്പമുണ്ട്.
പരീക്ഷണം വിജയം; ചെലവ് 18 ലക്ഷം
'ട്രൈക്ക് - 4" എന്ന് പേരിട്ടിരിക്കുന്ന ഹെലികോപ്ടർ, ലൈസൻസുള്ള പൈലറ്റിനെ ഉപയോഗിച്ച് പറത്തി ആനന്ദ് വിജയം കണ്ടു. ഫൈബർ ഫ്ളോട്ടുപയോഗിച്ച് ജലത്തിലും ഓടിച്ചു. റോഡിലും പരീക്ഷണം വിജയിച്ചു. മൂന്ന് തലത്തിൽ ഉപയോഗിക്കാവുന്ന വിധം ട്രൈക്ക് ഉണ്ടാക്കിയെടുക്കാൻ 18 ലക്ഷം രൂപ മതിയാകും. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനും ആലോചനയുണ്ട്.
ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ചെറിയ ഹെലികോപ്ടറും എയർ ബോട്ടുമാണ് ഇപ്പോഴത്തെ സ്വപ്നം. ഉല്ലാസത്തിനായി റീച്ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ചെറിയ റിമോട്ട് കൺട്രോൾ വിമാനങ്ങളും മറ്റും നിർമ്മിച്ച് നൽകുകയാണ് ആനന്ദിന്റെ വരുമാന മാർഗം.