ന്യൂഡൽഹി: അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു എസിലെ കോർണൽ യൂണിവേഴ്സിറ്റി പ്രൊഫസറും, ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസുവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ കാലഘട്ടത്തിൽ സംഭവിച്ചത് തെറ്റാണെന്ന് ഇന്ദിരാ ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ ഭരണഘടനയുടെ മൗലിക തത്വങ്ങൾ പിടിച്ചെടുക്കാൻ കോൺഗ്രസ് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.പാർട്ടിക്കുള്ളിലെ ജനാധിപത്യമായ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്ത ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജന സംഘടനകളിലും തിരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവച്ചെന്നും, അതിന്റെ പേരില്‍ നിരവധി തവണ തന്നെ മാദ്ധ്യമങ്ങള്‍ വേട്ടയാടിയെന്നും രാഹുല്‍ പറഞ്ഞു. സ്വന്തം പാര്ട്ടിക്കാര് തന്നെ തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.