തിരുവനന്തപുരം: സംസ്ഥാനത്തെ നിർദ്ദിഷ്ട സെമി ഹൈസ്പീഡ് റെയിൽപാതയ്ക്കായി മലിനീകരണിമില്ലാത്തതും പ്രകൃതി സൗഹൃദവുമായ പുനരുപയോഗിക്കാവുന്ന ഇന്ധനം ഉപയോഗിച്ചേക്കും. കാർബൺ പുറംതള്ളൽ കുറയ്ക്കുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയുമെന്ന ലക്ഷ്യത്തോടെയാണിത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 515 കിലോമീറ്ററിൽ ഇരട്ടപ്പാതയാണ് ഉദ്ദേശിക്കുന്നത്. 50,000 കോടി രൂപയാണ്
പ്രതീക്ഷിത ചെലവ്.
മലിനീകരണം കുറച്ചാൽ പദ്ധതിക്കായി പിന്നീട് കുറഞ്ഞ വായ്പാ നിരക്കിൽ അന്താരാഷ്ട്ര തലത്തിലുള്ള വായ്പകൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നതാണ് കെ റെയിലിനെ ഇത്തരമൊരു ആലോചനയിലേക്ക് നയിച്ചത്.
63,941 കോടി, 3,631ഏക്കർ ഭൂമി,
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടത്തിപ്പുകാർ. 63,941 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 11 ജില്ലകളിലായി 529.45കിലോമീറ്ററിലുള്ള റെയിൽപാതയ്ക്ക് 1226ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. രണ്ട് വർഷം കൊണ്ട് ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തേ ഡി.എം.ആർ.സി നടത്തിയ പഠനത്തിൽ ഒരു ലക്ഷം കോടി ചെലവിൽ ഹൈസ്പീഡ് റെയിൽ ഇടനാഴിയാണ് തീരുമാനിച്ചിരുന്നത്. മണിക്കൂറിൽ 350 കിലോമീറ്രർ വേഗമുള്ള പാത ഡിസൈൻ ചെയ്ത് ശരാശരി 300 കിലോമീറ്രർ വേഗത്തിൽ ട്രെയിൻ ഓടിക്കാനായിരുന്നു പദ്ധതി. ഒരു സ്റ്രേഷനിൽ നിറുത്തിയ ശേഷം പരമാവധി വേഗമെത്താൻ 10-15 മിനിട്ട് എടുക്കുമെന്നതിനാൽ വളരെ കുറച്ച് സ്റ്രേഷനുകളേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. തുടർന്നാണ് മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുള്ള പാത ഡിസൈൻ ചെയ്ത് 180 കിലോമീറ്റർ വേഗമുള്ള സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചത്. മണിക്കൂറിൽ 125 കിലോമീറ്രറാണ് വേഗം. അതായത് നാല് മണിക്കൂർ കൊണ്ട് കാസർകോട്ട് എത്താം.
ഭൂമി ഏറ്റെടുക്കൽ ദുഷ്കരമാകും എന്നതിനാൽ നിലവിലുള്ള രണ്ടുവരി പാതയോട് ചേർന്നാവില്ല പുതിയ പാത. നഗരപ്രദേശങ്ങൾ പരമാവധി ഒഴിവാക്കും. ഒഴിവാക്കാനാവാത്ത നഗര മേഖലകളിൽ എലിവേറ്റഡ് പാതയാകും നിർമ്മിക്കുക. ഫ്രഞ്ച് കൺസൾട്ടൻസി കമ്പനിയായ സിസ്ട്രയാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. പദ്ധതിത്തുകയിൽ വിദേശവായ്പ 33,700 കോടിയാണ്. ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം എന്നിവയ്ക്കായി 13,265 കോടി നീക്കിവച്ചിട്ടുണ്ട്. പദ്ധതിയിൽ റെയിൽവേയുടെ വിഹിതം 2150 കോടിയാണ്. 9000 കെട്ടിടങ്ങൾ പദ്ധതിക്കായി പൊളിച്ചുനീക്കും. ഒരു ട്രെയിനിൽ 700 പേർക്ക് കയറാൻ കഴിയും. ഒരുമണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും. 2024ഓടെ ദിവസം 89,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.