മലപ്പുറം: രണ്ട് മാസത്തോളം നീണ്ട രാഷ്ട്രീയ വിവാദങ്ങൾക്കും പരാതികൾക്കും ശേഷം നിലമ്പൂർ എം എൽ എ പി വി അൻവർ കേരളത്തിലേക്ക് തിരിച്ചുവരുന്നു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലുളള എം എൽ എ മാർച്ച് 10ന് അവിടെ നിന്നും കേരളത്തിലേക്ക് തിരിക്കും. മാർച്ച് 11ന് മണ്ഡലമായ നിലമ്പൂരിലെത്തുമെന്ന് പി വി അൻവർ അറിയിച്ചു.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പി വി അൻവർ തന്റെ തിരിച്ചുവരവ് കാര്യം അറിയിച്ചത്. നാട്ടിലെത്തിയാലും പതിനാല് ദിവസത്തെ നിരീക്ഷണം കഴിഞ്ഞുമാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാൻ സാധിക്കുകയുളളൂ. കഴിഞ്ഞ രണ്ട് മാസമായി ഖനന വ്യവസായവുമായി ബന്ധപ്പെട്ട് വിദേശത്താണ് എം എൽ എ.
നിലമ്പൂർ മണ്ഡലത്തിലെ എം എൽ എയുടെ അഭാവം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും പി വി അൻവർ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലമ്പൂരിലെത്തിയപ്പോൾ അൻവറിന്റെ അസാന്നിധ്യം സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും എം എൽ എ മുഖം കാണിച്ചിരുന്നില്ല.
സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ ഘാനയിലെ ജയിലിൽ കുടുങ്ങി കിടക്കുകയാണെന്ന പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ സജീവമായിരുന്നു. ഏറ്റവും അവസാനം പതിനൊന്നിന് മടങ്ങിവരുമെന്ന് അറിയിച്ച് 'വിൽ ബി ബാക്ക് ഓൺ മാർച്ച് 11' എന്ന പേരിൽ അൻവർ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്ര് ചെയ്തിരിക്കുന്നത്.
സിപി എം സ്വതന്ത്രനായി നിലമ്പൂരിൽ മത്സരിച്ച് ജയിച്ച പി വി അൻവർ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ചാണ് നിലമ്പൂർ നിയമസഭാ സീറ്റ് അൻവർ പിടിച്ചെടുത്തത്.