തിരുവനന്തപുരം: മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ഇടുക്കി ജില്ലാ സെക്രട്ടറി സൽമാൻ ഹനീഫ്. മതേതരവോട്ടുകൾ ഭിന്നിക്കും എന്ന ഉടായിപ്പ് തത്വം ബാധകമാകുന്ന ഇന്ത്യയിലെ ഒരേയൊരു പാർട്ടി മുസ്ലീം ലീഗ് മാത്രമാണ്. കോൺഗ്രസിനെ നോക്കിയാണ് ലീഗിന്റെ വളർച്ച തീരുമാനിക്കുന്നത്. കേരളത്തിന്റെ വെളിയിൽ മുസ്ലിം ലീഗ് എന്നാൽ അവർക്ക് അറപ്പും വെറുപ്പുമാണ്. പിന്നെ ആർക്കുവേണ്ടിയാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്, നിരവധി മഹാരഥന്മാർ ജീവിതം സമർപ്പിച്ച് പടുത്തുയർത്തിയ ഇന്ത്യൻ മുസൽമാന്റെ പ്രതീക്ഷയായ മഹാപ്രസ്ഥാനത്തെ സ്വാർത്ഥ താൽപര്യങ്ങൾക്കായി തകർക്കുകയാണെന്നും സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.
സൽമാൻ ഹനീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സാബിർ ഗഫാർ മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ പ്രസിഡന്റായിരുന്നു,അഖിലേന്ത്യാതലത്തിൽ മുസ്ലിം ലീഗിന്റെ അന്തസുറ്റ മുഖമായിരുന്നു.ബംഗാളിലെ കൽക്കട്ട സ്വദേശി,വിദ്യാഭ്യാസവും പാർട്ടി പാരമ്പര്യവും സംഘാടക മികവും വിശാലമായ ബന്ധങ്ങളും വിവിധഭാഷകളിലെ പ്രാവണ്യവും മികവാർന്ന വ്യക്തിത്വവും കൈമുതുലായുള്ള യുവനേതാവ്!പാർട്ടിയുടെ വളർച്ചക്ക് നിരവധി പദ്ധതികൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.അവ പ്രാവർത്തികമാക്കാൻ ഒരുപാട് പ്രയത്നങ്ങൾ നടത്തി,അതിന്റെ ഭാഗമായിരുന്നു ബംഗാളിലെ ഏറ്റവും വലിയ മത സംഘടനയായ ഫുർഫുറ ഷരീഫുമായി ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലിം ലീഗിനുണ്ടായിരുന്ന ബന്ധം പുനഃസ്ഥാപിക്കുക എന്നത്!ആ ലക്ഷ്യത്തിൽ അദ്ദേഹം 100% വിജയിച്ചിരുന്നു,മുസ്ലിം ലീഗ് നേതാക്കന്മാരെ ഫുർഫുറാ ഷരീഫിന്റെ മഹാസമ്മേളനങ്ങളിൽ സാബിർ പങ്കെടുപ്പിച്ചു,പല ചർച്ചകളും നടത്തി,വരാനിരിക്കുന്ന ബംഗാൾ നിയമസഭ ഇലക്ഷനിൽ മത്സരിക്കുവാനായി പാർട്ടിയെ തയ്യാറാക്കി,ഫുർ ഫുറാ ഷരീഫിന്റെ പിന്തുണയും നേടി..........
അബ്ബാസ് സിദ്ദീഖി നേതൃത്വം നൽകുന്ന ഫുർ ഫുറാ ഷരീഫിന്റെ രാഷ്ട്രീയ സംവിധാനമായ ISF (ഇന്ത്യൻ സെക്കുലർ ഫ്രന്റ്) ആദ്യമായി സഖ്യത്തിലേർപ്പെടാനിരുന്ന പാർട്ടി മുസ്ലിം ലീഗായിരുന്നു,അതായത് ആ സഖ്യത്തിൽ മത്സരിച്ചാൽ ബംഗാളിൽ കൃത്യമായ വളക്കൂറുള്ള മുസ്ലിം ലീഗ് നിരവധി സീറ്റുകളിൽ ജയിക്കും എന്ന് ഉറപ്പാണ്!
പ്രിയപ്പെട്ട സാബിർ ഗഫാർ പാർട്ടി നേതാക്കന്മാരുമായി സഖ്യവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തി മാരത്തോൺ ചർച്ചകൾ നടത്തി,പക്ഷേ! "വോട്ട് വിഭജിക്കും" "മതേതര വോട്ടുകൾ ഭിന്നിക്കും" "കോൺഗ്രസിന് ക്ഷീണമാകും" എന്നൊക്കെയുള്ള ഒരു ന്യായവുമല്ലാത്ത "അന്യായങ്ങൾ" ഉയർത്തി സാബിറിന്റെ നീക്കത്തെ നിരാകരിച്ചു,അവസാനം സാബിർ ദേശീയ പ്രസിഡന്റ് പദവി രാജിവെച്ചു!അങ്ങിനെ മുസ്ലിം ലീഗ് പാർട്ടിക്ക് ബംഗാളിൽ നിഷ്പ്രയാസം ഉയർത്തെഴുന്നേൽക്കാനുള്ള അസുലഭമായ അവസരത്തെ നഷ്ടപ്പെടുത്തി...
പിന്നീട് സംഭവിച്ചത്: കോൺഗ്രസും സിപിഎമ്മും സിപിഐയും ഉൾപ്പടെ മേൽ പറയപ്പെട്ട അബ്ബാസ് സിദ്ധീഖിയുടെ ISFമായി സഖ്യത്തിലേർപ്പെട്ടു,ഇപ്പോൾ മുസ്ലിം ലീഗ് ആരായി?ഈ ഒരു കാര്യത്തിനായല്ലെ നേരത്തെ സാബിർ ഗഫാർ പടവെട്ടിയത്!
"മതേതര വോട്ടുകൾ ഭിന്നിക്കും" എന്ന ഉടായിപ്പ് തത്വം ബാധകമാകുന്ന ഇന്ത്യയിലെ ഒരേയൊരു പാർട്ടി മുസ്ലിം ലീഗ് മാത്രമാണ്,തൃണമൂലിന് ആധിപത്യമുള്ള ഇടങ്ങളിൽ കോൺഗ്രസും മറ്റുള്ളവരും എല്ലാം മത്സരിക്കുകയാണ്! അവിടെയൊന്നും വോട്ട് ഭിന്നിക്കില്ലായിരിക്കും ലേ??
ആസാമിൽ കുറെ പാവപ്പെട്ട msfകാർ പാർട്ടിയെ വളർത്താൻ പെടാപാട് പെടുകയാണ്,വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തക്ക ഒരുക്കങ്ങൾ അവർ നടത്തി,അതിൽ ഭയംപൂണ്ട AIUDF / കോൺഗ്രസ് ഗുണ്ടകൾ അതുങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നു,എന്നിട്ടും പതറാതെ മുന്നോട്ട് പോകുന്നു!ദേശീയ കമ്മിറ്റി മത്സരിക്കാൻ പച്ചകൊടി വീശും എന്ന പ്രത്യാശയിൽ,എവിടുന്ന്, ആര് തിരിഞ്ഞു നോക്കാൻ!
എന്തിനെയും കേരള കോൺഗ്രസ് മാണിയുമായി തുലനം ചെയ്യുന്നു,അതായത് മുസ്ലിം ലീഗിനെ ഒരു പ്രാദേശിക പാർട്ടിയായി ചുരുക്കുകയാണ്!പഴയ MKLSC മാതിരി..........
കേരളത്തിന്റെ തെക്കിലും എന്താ സ്ഥിതി,പ്രത്യേകിച്ച് തിരുവതാംകൂറിൽ പാർട്ടിക്ക് സംവിധാനമോ സീറ്റുകളോ എം.എൽ.എമാരോ വേണ്ട എന്ന ഉറച്ച തീരുമാനത്തിലാണ് മുന്നോട്ട് പോകുന്നത്! തോൽക്കാൻ വേണ്ടി ആർക്കോ വേണ്ടി കൊല്ലം ജില്ലയിൽ ഒരു സീറ്റിൽ മത്സരിക്കും,മലബാറിലെ കോട്ടകൾ പോലും വാങ്ങിച്ചെടുക്കാൻ കഴിയുന്നില്ല!
ദേശീയതലത്തിൽ പാർട്ടിയുടെ കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്വം! ആരോട് പറയും,കേരളത്തിന്റെ അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരും നടക്കുന്നു........
ഇത്തരം നിലപാടുകളുമായി എത്രകാലം നാം മുന്നോട്ട് പോകും,സ്വതന്ത്ര ഇന്ത്യൻ യൂണിയനിൽ മുസ്ലിം ലീഗ് പുനഃസംഘടിപ്പിക്കപ്പെട്ടിട്ട് ഈ മാസം 10ന് 73 കൊല്ലം തികയുകയാണ്,എന്നിട്ടും നാം എവിടെയെത്തി? മലബാറിന്റെ നാല് അതിരുകളിൽ പാർട്ടിയെ തളക്കുന്നു,കോൺഗ്രസിനെ നോക്കിയാണ് ലീഗിന്റെ വളർച്ചയെ തീരുമാനിക്കുന്നത്,കേരളത്തിന്റെ വെളിയിൽ മുസ്ലിം ലീഗ് എന്നാൽ അവർക്ക് അറപ്പും വെറുപ്പുമാണ്!പിന്നെ ആർക്കുവേണ്ടിയാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്,നിരവധി മഹാരഥന്മാർ ജീവിതം സമർപ്പിച്ച് പടുത്തുയർത്തിയ ഇന്ത്യൻ മുസൽമാന്റെ പ്രതീക്ഷയായ മഹാപ്രസ്ഥാനത്തെ സ്വാർത്ഥ താൽപര്യങ്ങൾക്കായി തകർക്കുകയാണ്.........
അസഹ്യമായ വേദനയാണ്,ഞാനിത് പറഞ്ഞു എന്ന പേരിൽ എന്നെ ഇല്ലാതാക്കിയാലും എനിക്ക് ഒരു പ്രശ്നവുമില്ല!എന്റെ സമുദായമാണ് വലുത്,എന്റെ ജീവനായ മുസ്ലിം ലീഗിന്റെ വളർച്ചയും ഉയർച്ചയും മാത്രമാണ് എന്റെ നീയത്തും സ്വപ്നവും...