കൊച്ചി: പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിൽ പ്രതിയായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യംനേടാൻ കോടതിയെ കബളിപ്പിച്ചോയെന്ന് സംശയമുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജാമ്യവ്യവസ്ഥയിൽ ഇളവുതേടി ഇബ്രാഹിംകുഞ്ഞ് നൽകിയ ഹർജി പരിഗണിച്ച സിംഗിൾബെഞ്ചാണ് ഇത് വാക്കാൽ പറഞ്ഞത്.
രോഗം ഗുരുതരമാണെന്നു പറഞ്ഞ് ജാമ്യം നേടിയശേഷം ഇബ്രാഹിംകുഞ്ഞ് പല പൊതുപരിപാടികളിലും പങ്കെടുത്തു. രോഗ ബാധിതനായതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, നിയമസഭയിൽ യുദ്ധം ചെയ്യാനല്ലല്ലോ പോകുന്നതെന്ന് മറുപടി നൽകിയതും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികൂല നിരീക്ഷണത്തെത്തുടർന്ന് ഇബ്രാഹിംകുഞ്ഞ് ഹർജി പിൻവലിച്ചു.
കാൻസർ ബാധിതനായി ആശുപത്രിയിൽ കഴിയുമ്പോഴാണ് പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റുചെയ്തത്. ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമാക്കി ഇബ്രാഹിംകുഞ്ഞ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനാണ് ഇതേ ബെഞ്ച് ജാമ്യം നൽകിയത്. എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.
എന്നാൽ, സംസ്ഥാനത്തെ വിവിധ പള്ളികളിൽ പ്രാർത്ഥന നടത്താൻ ആഗ്രഹമുണ്ടെന്നും ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ ഇതിനു തടസമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്. ഉറ്റ ബന്ധുക്കൾ അന്യജില്ലകളിലാണ്. നിശ്ചിത ദിവസം ജില്ല വിട്ടുപോകാൻ അനുവദിച്ചാലും തുടർചികിത്സ നടക്കുന്നതിനാൽ ഇതിനു കഴിയണമെന്നില്ല. അതിനാൽ ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സർക്കാർ എതിർത്തു
കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കി സർക്കാർ ഹർജിയെ എതിർത്തു. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് ആരോപണവിധേയനായതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവു നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമിടയുണ്ടെന്നും സ്റ്റേറ്റ് അറ്റോണി വാദിച്ചു.