ന്യൂഡൽഹി: ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ൽ രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അടിയന്തരാവസ്ഥ പൂർണമായും തെറ്റായിരുന്നു. മുത്തശ്ശിയും (ഇന്ദിരാഗാന്ധി) സമാനമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാൽ ആർ.എസ്.എസിനെ പോലെ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
മൻമോഹൻ സർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവും കോർണെൽ യൂണിവേഴ്സിറ്റി പ്രൊഫസറുമായ കൗശിക് ബസുവുമായി ചൊവ്വാഴ്ച നടന്ന ഓൺലൈൻ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം.
പാർട്ടിയിലും യുവജന സംഘടനകളിലും തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നയാളാണ് താനെന്നും ഇതിന്റെ പേരിൽ താൻ ക്രൂശിക്കപ്പെട്ടെന്നും കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുൽ പറഞ്ഞു.
ആർ.എസ്.എസുകാർ ഇപ്പോൾ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയാണ്. ജുഡിഷ്യറിയിലും ബ്യൂറോക്രസിയിലും ഇലക്ഷൻ കമ്മിഷനിലും മാദ്ധ്യമങ്ങളിലും അവർ അതിക്രമിച്ചു കയറിയിരിക്കുന്നു. കോൺഗ്രസ് പാർട്ടി ഒരിക്കലും ഇന്ത്യയുടെ വ്യവസ്ഥാപിത സ്ഥാപനങ്ങളെ പിടിച്ചടക്കാൻ ശ്രമിച്ചിട്ടില്ല. കോൺഗ്രസിന് അതിനുള്ള ശേഷി ഇല്ല. വേണമെന്ന് കരുതിയാൽ പോലും കോൺഗ്രസിന് അതു കഴിയില്ല. അങ്ങനെയാണ് പാർട്ടിയുടെ ചട്ടക്കൂട്. ആർ.എസ്.എസുകാരാൽ നിറയ്ക്കപ്പെട്ട മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന് പ്രവർത്തിക്കാനായില്ല. അവിടത്തെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ആർ. എസ്. എസ്കാരാണെന്നും അവർ താൻ പറയുന്നത് അനുസരിക്കുന്നില്ലെന്നും കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി.
ബി.ജെ.പിയെ തോൽപ്പിച്ചാലും ഈ സ്ഥാപനങ്ങളിലെ ആർ.എസ്.എസുകാരെ നീക്കാനാവില്ല. മോദിയെ ഉയർത്തിക്കൊണ്ടുവന്നത് ആർ.എസ്.എസിന് വലിയതോതിൽ ഫണ്ട് കിട്ടാനാണ്. കോടികളാണ് ആർ.എസ്.എസ് സ്ഥാപനങ്ങൾക്ക് നൽകുന്നതെന്നും രാഹുൽ പറഞ്ഞു.
രാഹുലിനെ കളിയാക്കി ജാവദേക്കർ
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട രാഹുലിന്റെ പരാമർശം ചിരിക്കാൻ വക നൽകുന്നതാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പരിഹസിച്ചു. അടിയന്തരാവസ്ഥക്കാലത്ത് എല്ലാ സ്ഥാപനങ്ങളെയും സർക്കാർ ദുർബലമാക്കി.
സർക്കാരിനെ എതിർത്ത എല്ലാ എം.പിമാരെയും എം.എൽ.എമാരെയും അറസ്റ്റ് ചെയ്തു. മിക്ക പാർട്ടികളെയും നിരോധിച്ചു. സർക്കാരിനെ വിമർശിച്ച പത്രങ്ങളെ അടച്ചുപൂട്ടി. ആർ.എസ്.എസിനെ മനസിലാക്കാൻ രാഹുലിന് ഇനിയും ഒരുപാട് സമയം വേണ്ടിവരും. ലോകത്ത് ദേശസ്നേഹത്തിന്റെ ഏറ്റവും വലിയ സ്കൂളാണ് ആർ.എസ്.എസ് എന്നും ജാവദേക്കർ പറഞ്ഞു.