കാസർകോട് : സ്കേറ്റിംഗ് ബോർഡിൽ കേരളം ചുറ്റാൻ ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് കക്കോടിയിലെ പതിനെട്ടുകാരൻ മധു. സ്കേറ്റിംഗിന്റെ ഉയർച്ചക്കായി ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെച്ചാണ് മധുവിന്റെ യാത്ര. തിരുവനന്തപുരത്ത് ചെല്ലണം, മുഖ്യമന്ത്രിയെ നേരിൽ കാണണം, കേരളത്തിൽ സ്കേറ്റിംഗ് അക്കാഡമി സ്ഥാപിക്കാൻ അഭ്യർത്ഥിക്കണം ' മധു പറയുന്നു.
സ്കേറ്റിംഗ് മേഖലയിലേക്ക് കടന്നുവരാൻ ധാരാളം കുട്ടികൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവരെ സഹായിക്കാൻ ഒരു സംവിധാനം നിലവിൽ കേരളത്തിലില്ല. അക്കാഡമി സ്ഥാപിച്ച കിട്ടിയാൽ പലർക്കും അത് പ്രോത്സാഹനമാകുമെന്നും മധു പറഞ്ഞു. വടകര പുറമേരി ഐ.ടി.ഐ വിദ്യാർത്ഥി മധു കോഴിക്കോട് ബീച്ചിൽ കപ്പലണ്ടി വില്പനക്കാരായ മഹേഷിന്റെയും ബേബിയുടെയും മകനാണ്. ഒരുതവണ ബീച്ചിൽ കണ്ടുമുട്ടിയ അറബി നൽകിയ സ്കേറ്റിംഗ് ബോർഡ് മകന് മഹേഷ് നൽകിയതോടെയായിരുന്നു ഈ ഗെയിമിലേക്ക് എത്തപ്പെട്ടത്. ഏഴ് കൊല്ലമായി സ്കേറ്റിംഗ് ബോർഡിൽ പഠനം തുടരുന്ന മധു തന്റെ ആഗ്രഹം സാധിക്കാൻ മാതാപിതാക്കൾക്കൊപ്പം കോഴിക്കോട് ബീച്ചിൽ കപ്പലണ്ടി വിറ്റിട്ടുണ്ട്. അച്ഛനും അമ്മയും ഏറെ കഷ്ടപ്പെട്ടാ
ണ് മകന്റെ ആഗ്രഹം സാധിച്ചു നൽകിയത്.
കേരളം ചുറ്റാൻ ഇറങ്ങി
സ്കേറ്റിംഗ് ബോർഡിൽ കേരളം ചുറ്റുന്ന ദൗത്യത്തിന് മധു ഇന്നലെ രാവിലെ കാസർകോട്ട് തുടക്കമിട്ടു നാളെ രാവിലെ മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി യാത്ര തുടങ്ങും. രാവിലെ ആറു മുതൽ 12 മണി വരെയും വൈകുന്നേരം മൂന്ന് മണിക്ക് ശേഷവുമാണ് തിരക്കുകൾക്ക് ഇടയിലൂടെയുള്ള യാത്ര. രാത്രി എത്തുന്ന സ്ഥലത്ത് തങ്ങും.
മധുവിന്റെ യാത്ര വിദ്യാനഗറിലെ കളക്ടറേറ്റിനു മുന്നിൽ വെച്ച് ജില്ലാ കളക്ടർ ഡോക്ടർ ഡി. സജിത് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ, ജയകൃഷ്ണൻ നരിക്കുട്ടി, സണ്ണി ജോസഫ്, അബ്ദുൾ റഹ്മാൻ ആലൂർ, ഷാഫി തെരുവത്ത്, മധുവിന്റെ മാതാപിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. മാദ്ധ്യമ പ്രവർത്തകൻ ഉദിനൂർ സുകുമാരൻ സ്വാഗതം പറഞ്ഞു.