ചിന്നക്കനാൽ. ചിന്നക്കനാൽ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.. അക്കൗണ്ടന്റ് എസ്.ശ്രീകുമാറിനാണ് മൂക്കിനും കണ്ണിനും പരിക്കേറ്റത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. രാത്രി 12 ന് പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റ് ഷിനി ബേബിയെ ഫോണിൽ വിളിച്ച് ശ്രീകുമാറിനെ ക്ലാർക്കായ പി.എസ്.സുമേഷ് മർദിച്ചതായും മുഖത്ത് പരുക്കേറ്റതിനാൽ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണെന്നും അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റും മൂന്ന് അംഗങ്ങളും ഉടൻ പഞ്ചായത്ത് ഓഫിസിൽ എത്തി. ഇവർ എത്തും മുൻപെ പഞ്ചായത്ത് സെക്രട്ടറിയും മറ്റൊരു ജീവനക്കാരനും ചേർന്ന് പഞ്ചായത്തിന്റെ വാഹനത്തിൽ ശ്രീകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. ശ്രീകുമാറിനെ മർദിച്ച പി.എസ്.സുമേഷ് ഈ സമയം പഞ്ചായത്ത് ഓഫിസിനോട് ചേർന്ന താമസ സ്ഥലത്ത് ഉണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ എത്തിയിട്ടും സുമേഷ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തയാറായില്ല. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് പഞ്ചായത്ത് അംഗങ്ങൾ പറയുന്നത്.അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശ്രീകുമാറിന്റെ കണ്ണിനു പരിക്കുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ശ്രീകുമാറിന്റെ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫിസിൽ എത്തി.
അന്വേഷണം നടത്തി. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലെ അക്രമ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്..