മൂന്നാം ട്വന്റി-20യിൽ ന്യൂസിലാൻഡിനെ 64 റൺസിന് തോൽപ്പിച്ച് ആസ്ട്രേലിയ
ട്വന്റി-20യിൽ ആറുവിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഓസീസ് ബൗളറായി ആഷ്ടൺ ആഗർ
വെല്ലിംഗ്ടൺ : സ്പിന്നർ ആഷ്ടൺ ആഗറിന്റെ മിന്നുന്ന ബൗളിംഗിന്റെയും ഗ്ളെൻ മാക്സ്വെല്ലിന്റയും ആരോൺ ഫിഞ്ചിന്റെയും സൂപ്പർ ബാറ്റിംഗിന്റെയും മികവിൽ മൂന്നാം ട്വന്റി-20യിൽ ന്യൂസിലാൻഡിനെ 64 റൺസിന് തോൽപ്പിച്ച് ആസ്ട്രേലിയ. സ്കോർ: ആസ്ട്രേലിയ 20 ഓവറിൽ ആറിന് 208. ന്യൂസിലൻഡ് 17.1 ഓവറിൽ 144 ന് ആൾഔട്ട്.
ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുത്ത ന്യൂസിലാൻഡ് നായകൻ കേൻന് വില്യംസണിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഓസീസ് ബാറ്റ്സ്മാൻമാർ കൂറ്റൻ സ്കോർ ഉയർത്തി. 31 പന്തുകളിൽ നിന്നും 70 റൺസെടുത്ത മാക്സ്വെല്ലും 44 പന്തുകളിൽ നിന്ന് 69 റൺസെടുത്ത ആരോൺ ഫിഞ്ചും 27 പന്തുകളിൽ നിന്ന് 43 റൺസെടുത്ത ജോഷ് ഫിലിപ്പും മികച്ച പ്രകടനം പുറത്തെടുത്തു.
ന്യൂസിലാൻഡ് ബൗളർമാരെല്ലാം നന്നായി തല്ലുവാങ്ങി. ജിമ്മി നീഷാം നാലോവറിൽ 60 റൺസാണ് വഴങ്ങിയത്. നീഷാം എറിഞ്ഞ 17-ാം ഓവറിൽ നാല് ഫോറുകളും രണ്ട് സിക്സുകളുമടക്കം 28 റൺസാണ് മാക്സ്വെൽ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിനെതിരേ ആഷ്ടൺ ആഗർ നാലോവറില് വെറും 30 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി. ആഗറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓസീസിനായി അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ആദ്യമായി ആറുവിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കാഡും മാൻ ഒഫ് ദ മാച്ച് പുരസ്കാരവും ആഗർ സ്വന്തമാക്കി.
ന്യൂസിലാൻഡിനുവേണ്ടി 43 റൺസെടുത്ത മാർട്ടിൻ ഗപ്ടിൽ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഡെവോൺ കോൺവേ 38 റൺസെടുത്തു.
അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ഓസീസിന്റെ ആദ്യവിജയമാണിത്. മൂന്നുമത്സരങ്ങൾ പിന്നിടുമ്പോൾ ന്യൂസിലാൻഡ് 2-1 ന് മുന്നിലാണ്.