തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പത്രികാ സമർപ്പണം തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, സീറ്റ് വിഭജനത്തിൽ സമവായം കാണാനാകാതെ ഇടത്, വലതു മുന്നണികൾ. പി.ജെ. ജോസഫുമായുള്ള തർക്കം കൂടുതൽ കുരുങ്ങുന്നത് കോൺഗ്രസിന് തലവേദനയാകുമ്പോൾ, ജോസുമായും സി.പി.ഐയുമായും തീർപ്പുണ്ടാകാത്തതാണ് എൽ.ഡി.എഫിനെ കുഴയ്ക്കുന്നത്. ഇന്നലെ യു.ഡി.എഫ് യോഗത്തിനു മുമ്പേ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രഖ്യാപനത്തിനിരുന്നപ്പോഴാണ് കടമ്പയായി ജോസഫ് പിടിത്തം മുറുക്കിയത്.
ജോസ് വിഭാഗത്തിനായി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകാമെന്ന് സി.പി.ഐ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ തവണത്തെ 27ൽ നിന്ന് മൂന്നു സീറ്റ് സി.പി.ഐ വിട്ടുനൽകണമെന്നാണ് സി.പി.എം നിബന്ധന. മൂവാറ്റുപുഴ കൂടിയാണ് സി.പി.എമ്മിന്റെ മനസ്സിൽ. അതേസമയം, കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശ്ശേരി തന്നെ വേണമെന്ന നിലപാടിലാണ് സി.പി.ഐ. പകരം മലപ്പുറത്ത് നേരത്തേ മത്സരിച്ച ഒരു സീറ്റ് നൽകാം. സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴ വിട്ടുനൽകാനും തയ്യാറല്ല.
കൂടുതൽ ഘടകകക്ഷികളെത്തിയ സ്ഥിതിക്ക് മുന്നണിയിലെ പ്രധാന പാർട്ടികളായ തങ്ങളും സി.പി.ഐയും വിട്ടുവീഴ്ച ചെയ്യണമെന്നാണ് സി.പി.എം വാദം. ചങ്ങനാശ്ശേരി വേണമെന്ന നിലപാടിലാണ് ജോസും. അത് കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസിലെ ഡോ.കെ.സി.ജോസഫ് മത്സരിച്ച സീറ്റായതിനാൽ അവരും ചോദിക്കുന്നു. മൂന്ന് കക്ഷികൾ ഒരു സീറ്റിനായി വാദിച്ചു നിൽക്കുന്നതാണ് ഇടതുമുന്നണിയിലെ തലവേദന.
സി.പി.എം, സി.പി.ഐ പ്രഖ്യാപനം 10ന്
സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ച ജില്ലകളിൽ അന്തിമഘട്ടത്തിൽ. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഈ പട്ടികകളിൽ വേണ്ട തിരുത്തലുകൾ വരുത്തി ജില്ലാ കമ്മിറ്റികൾക്ക് വീണ്ടും വിടും. 10 ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സി.പി.ഐയും ഇന്നു മുതൽ ജില്ലകളിൽ സ്ഥാനാർത്ഥി ചർച്ചകളാരംഭിക്കും. 9 ന് സംസ്ഥാന കൗൺസിലിൽ അന്തിമധാരണയാക്കി, 10 ന് പ്രഖ്യാപനം.
12ൽ ഉറച്ച് ജോസഫ്, ലീഗിന് മൂന്ന് അധികം
ഒമ്പത് സീറ്റുകൾ മാത്രമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നപ്പോൾ 12ൽ വിട്ടുവീഴ്ചയില്ലെന്ന് ജോസഫ് ഇന്നലെ നിലപാടെടുത്തു. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ കേന്ദ്രീകരിച്ചാണ് തർക്കം. കോട്ടയത്തെ 9 സീറ്റുകളിൽ പാലാ ഒഴികെ നാലു വീതം പങ്കിടാമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചപ്പോൾ കടുത്തുരുത്തിക്കും ചങ്ങനാശ്ശേരിക്കും പുറമേ ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടിയേ തീരൂവെന്ന് ജോസഫ് വാശിപിടിച്ചു. തദ്ദേശഫലത്തിന്റെ പശ്ചാത്തലത്തിൽ ജയസാദ്ധ്യതയും നോക്കണ്ടേയെന്നാണ് കോൺഗ്രസ് ചോദ്യം.
മുസ്ലിംലീഗിന് മൂന്നു സീറ്റ് അധികമെന്നതിൽ ധാരണയായി. കൂത്തുപറമ്പും ബേപ്പൂരും പട്ടാമ്പിയുമാവും അധികമായി നൽകുക. ചടയമംഗലവും പുനലരൂമടക്കം ചിലത് വച്ചുമാറുന്നതും ആലോചിക്കുന്നു. മാണി സി.കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയ്ക്ക് പാലായ്ക്കു പുറമേ എലത്തൂരും നൽകിയേക്കാം. എന്നാൽ, കാപ്പന്റെ മുന്നണി പ്രവേശം യു.ഡി.എഫ് ഇന്നലെ ചർച്ചയ്ക്കെടുത്തില്ല. ആർ.എസ്.പിക്ക് കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റ് തന്നെ. കയ്പമംഗലത്തിനു പകരം അമ്പലപ്പുഴ ചോദിച്ചെങ്കിലും അന്തിമ തീരുമാനമായില്ല.