ബത്തേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും
കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് നേതാക്കളുടെ രാജിയുടെ തുടർച്ചയായി കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ പാർട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിച്ച് സി.പി.എമ്മിലെത്തി. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ഇദ്ദേഹം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. ഒരാഴ്ചയ്ക്കിടെ കോൺഗ്രസിലെ നാലാമത്തെ രാജിയാണ് വിശ്വനാഥന്റേത്.
വ്യക്തിപരമായി നേരിട്ട അവഗണനയിലും കുറുമ സമുദായത്തിന് അർഹിക്കുന്ന പരിഗണന കിട്ടാത്തതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് എം.എസ്. വിശ്വനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ തഴഞ്ഞു. ഇനിയും അവഗണന സഹിക്കാനാവില്ല. കോൺഗ്രസ് ജില്ലാ നേതൃത്വം പരാജയമാണ്. ഒരാൾ തന്നെ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായി തുടരുന്നു. അതാണ് ജില്ലയിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് കെ.പി.സി.സി മെമ്പർ കെ.കെ. വിശ്വനാഥൻ രാജിവച്ചതു കഴിഞ്ഞ ദിവസമാണ്. അതിനു തൊട്ടു മുമ്പ് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ എന്നിവരും പാർട്ടി വിട്ടിരുന്നു. അനിൽകുമാർ എൽ.ജെ.ഡിയിലും സുജയ സി.പി.എമ്മിലും ചേർന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മീനങ്ങാടി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ശങ്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാനുമായ കെ.എൻ. രമേശൻ പാർട്ടി വിട്ടിരുന്നു. ഇൗഴവ സമുദായത്തെ കോൺഗ്രസ് നേതൃത്വം പാടെ തഴയുന്നതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി.