വടക്കാഞ്ചേരി: അത്താണി സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ് ലിമിറ്റഡ് കമ്പനിയുടെ സമീപത്തുള്ള റെയിൽ പാളത്തിലൂടെ കാൽനടയാത്രക്കാരുടെ സുരക്ഷയില്ലാത്ത സഞ്ചാരം അപകട സാദ്ധ്യത വിളിച്ചു വരുത്തുന്നു. ദിനം പ്രതി നൂറുകണക്കിന് യാത്രക്കാരാണ് യാതൊരു സുരക്ഷയുമില്ലാതെ ഇതു വഴി കടന്നുപോകുന്നത്. പാളത്തിന് ഇരുവശവും വലിയ കമ്പികൾ കൊണ്ട് മറ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കഷ്ടിച്ച് ഒരാൾക്ക് കടക്കാവുന്ന വിടവിലൂടെയാണ് വിദ്യാർത്ഥികളും വയോധികരും ഉൾപ്പടെയുള്ളവർ പാളം മുറിച്ചു കടക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് അത്താണിയിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന പാത റെയിൽവേ ഗേറ്റ് വഴിയായിരുന്നെങ്കിലും പിന്നീട് പുതിയ മേൽപ്പാലം സ്ഥാപിച്ച ശേഷം ഇതു വഴിയുള്ള യാത്ര നിരോധിച്ചിരുന്നു. അത്താണിയിലെത്താൻ രണ്ട് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുമെന്നതിനാലാണ് നാട്ടുകാർ ഈ വഴി തിരഞ്ഞെടുക്കുന്നത്. പാളത്തിന് കുറുകെ കാൽനട യാത്രയ്ക്കായി ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ട് വർഷം മുമ്പ് പാളം മുറിച്ച് കടക്കുന്നതിനിടെ ഇവിടെ വച്ച് ഒരു യുവതി മരണമടഞ്ഞിരുന്നു.