കൊല്ലം: കരിമണലിന്റെ രാഷ്ട്രീയ ചരിത്രമെഴുതിയ ചവറയിൽ ഇക്കുറി മക്കൾ മത്സരം. തലയെടുപ്പുള്ള നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായിരുന്ന ചവറയുടെ സ്വന്തം ബേബി ജോണിന്റെ മകൻ ഷിബു ബേബിജോണിന് ഇക്കുറി എതിരാളി പുതുമുഖമാണ്.
ആർ.എസ്.പിയുടെ തട്ടകം ആദ്യമായി അട്ടിമറിച്ച വിജയൻ പിളളയുടെ മകനാണ് ഡോ. സുജിത്. സി.എം.പിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുകയും പിന്നീട് സി.പി.എമ്മിൽ ചേരുകയും ചെയ്ത വിജയൻ പിള്ളയിലൂടെ ചവറയെ സി.പി.എം സ്വന്തം പാളയമാക്കി. ചവറയിൽ വലിയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമെന്ന നിലയിൽ ഷിബു ബേബിജോണിനെ നേരിടാൻ കെല്പുള്ള എതിരാളിയാണ് ഡോ. സുജിത്തെന്ന് എൽ.ഡി.എഫ് കരുതുന്നു. വലിയ രാഷ്ട്രീയ പരിചയമൊന്നുമില്ലാത്ത ഡോ. സുജിത് ഇരുത്തം വന്നൊരു രാഷ്ട്രീയ പ്രതിഭയോടാണ് ഏറ്റുമുട്ടുന്നത്. വിജയൻ പിളള മരിച്ചതിനുശേഷം പിൻഗാമിയെ തേടിയ, സി.പി.എമ്മിന്റെ മുന്നിൽ വന്ന ഏക പേര് ഡോ. സുജിത്തിന്റേതായിരുന്നു. വിജയൻ പിളളയോട് നാട്ടുകാർക്കുളള സ്നേഹവും വിജയൻ പിളളയുടെ മരണത്തിലുള്ള സഹതാപവുമൊക്കെ വോട്ടാക്കാൻ ഡോ. സുജിത്തുവഴി കഴിയുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
പഠിക്കുമ്പോൾപോലും രാഷ്ട്രീയത്തോട് ആഭിമുഖ്യം കാട്ടിയിരുന്നില്ല സുജിത്ത്. പിതാവ് വിജയൻപിളള 2016ൽ ഷിബുവിനെ പരാജയപ്പെടുത്തി ചവറയിൽ എം.എൽ.എ ആയതു മുതലാണ് സുജിത് രാഷ്ട്രീയം കാണുന്നത്. പിതാവിനെ സഹായിക്കാൻ എം.എൽ.എ ഓഫീസിൽ തുടർച്ചയായി പോയിരുന്നു. എം.എൽ.എ ഫണ്ട് വിനിയോഗിക്കാനുള്ള ആരോഗ്യ പ്രോജക്ടുകൾ തയ്യാറാക്കിയതും പ്രാവർത്തികമാക്കാൻ സഹായിച്ചതും ഡോ. സുജിത്തായിരുന്നു. രാഷ്ട്രീയത്തിലിറങ്ങാൻ ആദ്യമൊന്ന് മടിച്ചെങ്കിലും, പിന്നീട് പാർട്ടി തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. ചവറ മടപ്പള്ളിയിൽ കുടുംബവീടായ വിജയ ശ്രീയിലാണ് താമസം. ഇ.എൻ.ടി സ്പെഷ്യലിസ്റ്റാണ്. ചവറയിലെ അരവിന്ദ് ആശുപത്രിയിലെ ഡോക്ടറാണ്. ഭാര്യ ഡോ. പാർവ്വതീപിളള അസീസിയ മെഡിക്കൽ കോളേജിലെ പതോളജി വിഭാഗം പ്രൊഫസറാണ്. ഏക മകൻ ഋഷി കേശ് നാരായണൻ. അമ്മ സുമാദേവി.