തിരുവനന്തപുരം: കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത് സർക്കാർ ആശുപത്രികളിലെത്തുന്നവരിൽ പലർക്കും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി. തിരക്കാണ്, മറ്റൊരു ദിവസം കുത്തിവയ്പെടുക്കാമെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയാണെന്നാണ് പരാതി.
വയോധികരെയും കൊണ്ടെത്തിയ പലർക്കും കുത്തിവയ്പെടുക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നു. കൊവിൻ ആപ്പിലെ സാങ്കേതിക തകരാർ മൂലം തിരിച്ചറിയൽ രേഖകളുമായി ചിലർ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തുന്നു. കൂടാതെ ആരോഗ്യ പ്രവർത്തകരും, കൊവിഡ് മുന്നണിപോരാളികളും, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും കുത്തിവയ്പെടുക്കാനെത്തുന്നുണ്ട്. ഇതൊക്കെയാണ് തിരക്ക് കൂടാനുള്ള കാരണമെന്നും, ഈ സാഹചര്യം മൂലമാണ് കുത്തിവയ്പെടുക്കാൻ എത്തുന്നവരെ തിരിച്ചയക്കേണ്ടി വരുന്നതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.