വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എം നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സി പി എമ്മിന്റെ പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരനാണ് പാർട്ടിയെ ഞെട്ടിച്ച് കോൺഗ്രിലേക്ക് ചേക്കേറിയത്. സി പി എം നേതൃത്വത്തിലുളള ആദിവാസി അധികാർ രാഷ്ട്രീയമഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റായ ശങ്കരൻ സി പി എം പുൽപ്പളളി ഏരിയാ കമ്മിറ്റി അംഗമാണ്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു ശങ്കരൻ. കോൺഗ്രസ് സ്ഥാനാർത്ഥിയായ ബത്തേരിയിൽ മത്സരിപ്പിക്കുമെന്ന് ഐ സി ബാലകൃഷ്ണൻ ഉറപ്പുനൽകിയതിനാലാണ് താൻ സി പി എം വിട്ടതെന്ന് ഇ എ ശങ്കരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത് താനല്ലെന്ന വിശദീകരണവുമായി പിന്നീട് ഇ എ ശങ്കരൻ രംഗത്തെത്തി.
അതേസമയം, സി പി എം പുൽപ്പളളി ഏരിയാകമ്മിറ്റി അംഗമായ ഇ എ ശങ്കരനെ പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയതിന് പുറത്താക്കിയതായി ജില്ലാകമ്മിറ്റി അറിയിച്ചു. നേരത്തേ കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് ശങ്കരൻ സി പി എമ്മിനൊപ്പം ചേർന്നത്. കുറഞ്ഞവർഷങ്ങൾക്കുളളിൽ നിരവധി അവസരങ്ങളും സ്ഥാനങ്ങളുമാണ് ശങ്കരന് നൽകിയത്. അവസരവാദരാഷ്ട്രീയവും സ്ഥാനമോഹവും വച്ചുപുലർത്തിയ വഞ്ചനയാണ് ശങ്കരന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സി പി എം ആരോപിച്ചു.