അയോദ്ധ്യ: രാമജന്മഭൂമിയിൽ പണിയാൻ പോകുന്ന ക്ഷേത്ര സമുച്ചയം ഇനി കൂടുതൽ വലുതാകും. 70 ഏക്കറിൽ നിർമ്മിക്കാൻ ആദ്യം നിശ്ചയിച്ച രാമക്ഷേത്രത്തിനായി 7285 ചതുരശ്ര അടി ഭൂമി കൂടി ശ്രീ രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് വാങ്ങി. ഇതോടെ ക്ഷേത്ര സമുച്ചയത്തിന് ആകെ 107 ഏക്കർ സ്ഥലമാകും ഉണ്ടാകുക.
ചതുരശ്ര അടിയ്ക്ക് 1373 രൂപ എന്ന നിരക്കിൽ ഒരുകോടി രൂപ നൽകിയാണ് സ്ഥലം വാങ്ങിയതെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. 'ക്ഷേത്രത്തിന് കൂടുതൽ സ്ഥലം ആവശ്യമായതിനാൽ ഈ സ്ഥലം വാങ്ങി.' രാമക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റി അനിൽ മിശ്ര പറഞ്ഞു. സ്ഥലത്തെ പുരാതനമായ ശ്രീ ലക്ഷ്മീനാരായണീ ക്ഷേത്രത്തോട് ചേർന്നുളളതാണ് പുതുതായി വാങ്ങിയ സ്ഥലം. ക്ഷേത്രത്തിനായി ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെന്നും ആകെ 14,30,195 ചതുരശ്രയടി സ്ഥലമാണ് വേണ്ടതെന്നും ട്രസ്റ്റ് അധികൃതർ പറയുന്നു. അഞ്ച് ഏക്കറിലാകും പ്രധാനക്ഷേത്രം.ഒപ്പം ലൈബ്രറിയും മ്യൂസിയവുമുണ്ടാകും.