പനാമ സിറ്റി: പനാമയിൽ ഈ വർഷം മുതൽ സൗന്ദര്യമത്സരത്തിന് ട്രാൻസ്ജെൻഡറുകളേയും പങ്കെടുപ്പിക്കുമെന്ന് മിസ് പനാമ സംഘടന അറിയിച്ചു. നിയമ, വൈദ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്ക് മത്സരത്തിന് യോഗ്യത ലഭിക്കും. മിസ് യൂണിവേഴ്സ് മത്സരത്തിനായി രാജ്യത്തിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന വേദിയാണ് മിസ് പനാമ.
മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ നിയമങ്ങൾക്കനുസൃതമായി നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് അധികൃതർ പറഞ്ഞു. ദേശീയ തലത്തിലെ എല്ലാ ഇവന്റുകളിലും സ്ത്രീകളെന്ന് നിയമപരമായി അംഗീകരിക്കപ്പെട്ട ആളുകളെ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് തീരുമാനം.
അതേസമയം നിലവിൽ ട്രാൻസ്ജെൻഡർ സ്ത്രീകളൊന്നും മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2018 ൽ സ്പെയിനിൽ നിന്നുള്ള പ്രതിനിധിയായി മത്സരിച്ച ഏഞ്ചല പോൻസ് ആണ് മിസ്സ് യൂണിവേഴ്സ് മത്സരവേദിയിലെത്തിയ ആദ്യ ട്രാൻസ്ജെൻഡർ വനിത.