കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്തുണയ്ക്കുമെന്ന് ശിവസേന. മമത യഥാർത്ഥ ബംഗാൾ കടുവയാണെന്നും അവർക്കെതിരെ ശിവസേന മത്സരിക്കില്ലെന്നും ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗട്ട് വ്യക്തമാക്കി.
പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ നിരവധിപ്പേർ ജിജ്ഞാസുക്കളാണ്. അതിനാൽ പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുമായുളള ചർച്ചയ്ക്ക് ശേഷമുളള തീരുമാനം ഇവിടെ പങ്കുവയ്ക്കുകയാണ്.
'നിലവിലെ സാഹചര്യം നോക്കുമ്പോൾ ഇത് 'ദീദി വേഴ്സസ് ആൾ' പോരാട്ടമാണ്. എല്ലാ എമ്മുകളും (M) മണി, മസിൽ, മീഡിയ മമതയ്ക്കെതിരായി ഉപയോഗിക്കുന്നു. അതുകൊണ്ട് പശ്ചിമ ബംഗാളിൽ മത്സരിക്കുന്നില്ലെന്നും മമതയ്ക്ക് പിന്തുണ നൽകണമെന്നുമാണ് ശിവസേനയുടെ തീരുമാനം. മമതയ്ക്ക് ഗർജ്ജിക്കുന്ന വിജയം ആശംസിക്കുന്നു. കാരണം ഞങ്ങൾ വിശ്വസിക്കുന്നു, അവരാണ് യഥാർത്ഥ ബംഗാൾ കടുവയെന്ന്.- ' സഞ്ജയ് റൗട്ട് ട്വീറ്റ് ചെയ്തു.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ടുഘട്ടങ്ങളായിട്ടാണ് പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.