തിരുവനന്തപുരം: ആർ.എസ്.എസുമായി സമാധാനചർച്ച നടത്തുന്നത് പുതിയ കാര്യമല്ലെന്നും സംഘർഷങ്ങളുണ്ടായ 1980 മുതൽ അത് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടത്തിയതും അത്തരമൊരു ചർച്ചയാണ്. ശ്രീ എം സെക്യുലറായ യോഗിവര്യനാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ചേർന്ന സർവകക്ഷിയോഗത്തിലെ നിർദ്ദേശമനുസരിച്ചുള്ള തുടർചർച്ചയാണത്. അത് നിയമസഭയിലടക്കം വെളിപ്പെടുത്തിയതാണ്. അത് രാഷ്ട്രീയ ബാന്ധവമല്ല. തലയിൽ മുണ്ടിട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല.
സമാധാനം നിലനിറുത്തുന്നതിന് മുഖ്യമന്ത്രി എന്ന നിലയിൽ സ്വാഭാവികമായും നടപടിയെടുക്കേണ്ടതുണ്ട്. അതിൽ ശ്രീ എം നേതൃപരമായ പങ്ക് വഹിച്ചു. ശ്രീ എം തന്റെ അടുത്ത് വന്ന് സംസാരിച്ചിരുന്നു. സമാധാനമുണ്ടാക്കാൻ ഉഭയകക്ഷി ചർച്ചവേണമെന്ന് പറഞ്ഞു. ഇരുവിഭാഗവുമായും സംസാരിക്കാമെന്ന് അദ്ദേഹം സ്വമേധയാ പറഞ്ഞു. സമാധാന ചർച്ചയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.
അത്തരത്തിലുള്ള ചർച്ചകളിൽ കോൺഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്.
എന്നാൽ 1980കളിൽ നടന്ന മറ്റൊരുചർച്ചയുണ്ട്. അത് തലയിൽ മുണ്ടിട്ട് നടത്തിയതാണ്. കോ-ലീ-ബി സഖ്യംപോലെ രാഷ്ട്രീയ കള്ളക്കച്ചവടത്തിന് തലയിൽ മുണ്ടിട്ട് പോയവർ ഇവിടെത്തന്നെ ഉണ്ട്.
സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ നടത്തിയ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായ ദിനേഷ് നാരായണന്റെ പുസ്തകത്തിൽ ഒരിടത്തും അത് രാഷ്ട്രീയ ബാന്ധവത്തിനുള്ള ചർച്ചയാണെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ അതേ പുസ്തകത്തിന്റെ 107-ാം പേജിൽ മറ്റൊരു ചർച്ചയെ കുറിച്ചും പറയുന്നുണ്ട്. അത് ആർ.എസ്. എസ്. സർസംഘചാലക് ദേവരസുമായി കോൺഗ്രസ് നേതാവ് രാജീവ് ഗാന്ധിക്ക് വേണ്ടി ഭാനുപ്രകാശ് സിംഗ് നടത്തിയ ചർച്ചയാണ്. രാമ ജൻമ ഭൂമിയിൽ ശിലാന്യാസത്തിന് അനുവദിക്കാമെന്നും പകരം കോൺഗ്രസിന് രാഷ്ട്രീയ പിന്തുണ തിരഞ്ഞെടുപ്പിൽ നൽകണമെന്നുമായിരുന്നു അത്.