ന്യൂഡൽഹി: ഇന്ധനത്തെയും ജി.എസ്.ടിയുടെ പരിധിയിലാക്കിയാൽ രാജ്യത്ത് ഏകീകൃതമായി പെട്രോൾ വില 75 രൂപയായും ഡീസൽ വില 68 രൂപയായും കുറയുമെന്ന് എസ്.ബി.ഐ റിസർച്ചിന്റെ റിപ്പോർട്ട്. ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'എക്കോറാപ്പ്" റിപ്പോർട്ടാണ് ഇതു വ്യക്തമാക്കുന്നത്.
ക്രൂഡോയിൽ വില ബാരലിന് 60 ഡോളർ, ഡോളറിനെതിരെ രൂപയുടെ മൂല്യം 73, പെട്രോളിന്റെ ചരക്കുകൂലി 3.82 രൂപ, ഡീസൽ ചരക്കുകൂലി 7.25 രൂപ, ഡീലർ കമ്മിഷൻ പെട്രോളിന് 3.67 രൂപ, ഡീസലിന് 2.53 രൂപ, പെട്രോളിന് 30 രൂപ സെസ്, ഡീസലിന് 20 രൂപ സെസ്, 14 ശതമാനം ജി.എസ്.ടി എന്നിവ പ്രകാരമുള്ളതാണ് വില. സെസും ജി.എസ്.ടിയും കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കുവയ്ക്കണം.
പെട്രോളും ഡീസലും നിലവിൽ ജി.എസ്.ടി നിയമത്തിന്റെ കീഴിൽത്തന്നെയാണുള്ളത്. എന്നാൽ, ഇവയ്ക്ക് എത്രവീതം ജി.എസ്.ടി ഏർപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്.
കൗൺസിലിന്റെ തീരുമാനം വരാത്തിടത്തോളം കാലം കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി ഈടാക്കുന്നത് തുടരും.
ക്രൂഡോയിൽ വില വർദ്ധന ആഭ്യന്തരവിലയെ ഉടനടി ബാധിക്കുന്നത് തടയാനായി കേന്ദ്രസർക്കാർ 'വിലസ്ഥിരതാ ഫണ്ട്" രൂപീകരിക്കണമെന്ന് എസ്.ബി.ഐ റിസർച്ച് പറയുന്നു.
ക്രൂഡ് വില കൂടുമ്പോൾ, കമ്പനികൾക്കുണ്ടാകുന്ന നഷ്ടം ഇതുപയോഗിച്ച് നികത്താം. ആഭ്യന്തരവില കൂടുകയുമില്ല.
ജി.എസ്.ടി നടപ്പാക്കിയാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബഡ്ജറ്റ് വിലയിരുത്തലിനേക്കാൾ വരുമാനത്തിൽ ഒരുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും
എന്നാൽ, ക്രൂഡോയിലിന് ഒരു ഡോളർ വർദ്ധിച്ചാൽ പെട്രോളിന് 50 പൈസയും ഡീസലിന് 1.50 രൂപയും കൂടുമെന്നതിനാൽ, വരുമാനനഷ്ടം 1,500 കോടി രൂപയായി കുറയും.
അഞ്ചാംനാളിലും
വില മാറ്റമില്ല
തുടർച്ചയായ അഞ്ചാംനാളിലും എണ്ണവിതരണ കമ്പനികൾ ഇന്ധനവില മാറ്റമില്ലാതെ നിലനിറുത്തി. പെട്രോളിന് തിരുവനന്തപുരത്ത് വില 93.05 രൂപയാണ്; ഡീസലിന് 87.53 രൂപ.