കുമരകം : കുമരകം പള്ളിച്ചിറയിൽ ഗുരുദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി. എസ്.എൻ.ഡി.പി യോഗം കുമരകം വടക്കുംഭാഗം 38ാം ശാഖാ ഗുരുദേവ ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചിയാണ് ചങ്ങല പൊട്ടിച്ച് അപഹരിച്ചത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നതായി ശാഖാ പ്രസിഡന്റ് എം.ജെ അജയൻ അറിയിച്ചു.ഇന്നലെ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ചടങ്ങായിരുന്നു. പ്രഭാത പൂജയ്ക്കായി പുലർച്ചെ 4.30ന് ക്ഷേത്ര പൂജാരി ബിജു ശാന്തി എത്തിയപ്പോഴാണ് കാണിക്കവഞ്ചി കാണാതായ വിവരം അറിയുന്നത്. ഇരുമ്പ് തുണുമായി ചങ്ങലയിൽ ബന്ധിപ്പിച്ചിരുന്ന സ്റ്റീൽ കാണിക്കവഞ്ചി ക്ഷേത്രത്തിലെ മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ചാണ് മോഷ്ടാക്കൾ വേർപ്പെടുത്തിയത്. അതേസമയം ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന് സമീപത്തെ കാണിക്കമണ്ഡപത്തിന്റെ പുട്ട് തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. കാണിക്കമണ്ഡപത്തിലെ പണം കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികളെത്തി എണ്ണിതിട്ടപ്പെടുത്തിയിരുന്നതായി പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ പറഞ്ഞു. പുലർച്ചെ 2:30ഓടെ യുവാക്കളടങ്ങിയ മൂന്നംഗസംഘം പ്രദേശത്ത് സ്കൂട്ടറിലെത്തിയതായി സമീപത്തെ നിരീക്ഷണ കാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കുമരകം പൊലീസ് പറഞ്ഞു. കുമരകം സിഐ. വി. സജികുമാർ എസ്.ഐ. എസ്. സരേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.