ഇന്ത്യ- ഇംഗ്ളണ്ട് ക്രിക്കറ്റ് പരമ്പരയിലെ സൂപ്പർ താരം ആരാണ് ?.വിരാട് കൊഹ്ലിയും രോഹിത് ശർമ്മയും ജോ റൂട്ടും ബെൻ സ്റ്റോക്സും അക്ഷർ പട്ടേലും അശ്വിനും ജാക്ക് ലീച്ചും മാെയീൻ അലിയുമൊക്കെ അവിടെ നിൽക്കട്ടെ; ഇന്നലെ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ ആരംഭിച്ച നാലാം ടെസ്റ്റിൽ പോലും ക്രിക്കറ്റ് വിദഗ്ധന്മാരും ആരാധകരും ഒരുപോലെ സംസാരിക്കുന്നത് പിച്ചിനെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗരിമ വിളിച്ചോതുന്ന മൊട്ടേറയിൽ നവീകരണത്തിന് ശേഷമുള്ള ആദ്യ ടെസ്റ്റിൽ ആ വിശേഷങ്ങളാകും ചർച്ചയാകുക എന്നാണ് കരുതിയത്. എന്നാൽ അഞ്ചുദിവസം കൊണ്ട് തീരേണ്ട ടെസ്റ്റ് രണ്ടാം ദിവസം പൂർത്തിയാകുന്നതിന് മുമ്പേ അവസാനിച്ചതോടെ ചർച്ചകളെല്ലാം പിച്ചിന്റെ കുറ്റിയിൽ കെട്ടപ്പെട്ടു.
സത്യത്തിൽ ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റുമുതലാണ് പിച്ച് ശ്രദ്ധാകേന്ദ്രമാകാൻ തുടങ്ങിയത്. ആദ്യ ടെസ്റ്റിൽ ഇംഗ്ളണ്ട് നായകൻ ജോ റൂട്ട് ഇരട്ടസെഞ്ച്വറി നേടുകയും സന്ദർശകർ 578 റൺസ് ആദ്യ ഇന്നിംഗ്സിൽ സ്കോർ ചെയ്യുകയുമുണ്ടായി.കളി ഇന്ത്യ 227 റൺസിന് തോറ്റു. രണ്ടാം ടെസ്റ്റും ഇതേവേദിയിലാണ് നടന്നതെങ്കിലും ആദ്യ ടെസ്റ്റിന് ഉപയോഗിച്ച പിച്ചായിരുന്നില്ല രണ്ടാം മത്സരത്തിന്. ഇത് മത്സരഫലത്തിലും പ്രതിഫലിച്ചു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 300ലേറെ സ്കോർ ചെയ്തെങ്കിലും പിച്ച് പതിയെ സ്പിൻ ബൗളർമാരെ പിന്തുണയ്ക്കാൻ തുടങ്ങിയതോടെ ഇംഗ്ളീഷ് ബാറ്റിംഗിന് അടിപതറി. 317 റൺസിനായിരുന്നു അവരുടെ തോൽവി. മത്സരത്തിൽ വീണ 20 ഇംഗ്ളീഷ് വിക്കറ്റുകളിൽ 17 എണ്ണവും ഇന്ത്യൻ സ്പിന്നർമാരായ അശ്വിനും അക്ഷറും കുൽദീപും ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു.ഇംഗ്ളീഷ് സ്പിന്നർമാർക്ക് 15 വിക്കറ്റ് ലഭിച്ചു. ചെന്നൈ ബീച്ചുപോലെ മണൽത്തിട്ടയിലാണ് മത്സരം നടന്നതെന്ന് ഇംഗ്ളീഷ് മുൻ താരങ്ങൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
മൊട്ടേറയിലെത്തിയപ്പോൾ ആദ്യ പന്തുമുതൽ പിച്ച് സ്പിന്നർമാരുടെ പറുദീസയാണെന്ന് മനസിലായി. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ടിനെ 112നും രണ്ടാം ഇന്നിംഗ്സിൽ 81നും ആൾഔട്ടാക്കിയ ഇന്ത്യ പത്തുവിക്കറ്റിന് കളിജയിച്ചെങ്കിലും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഇംഗ്ളീഷുകാർ പിച്ചിനെതിരെ പരാതിപറച്ചിൽ തുടങ്ങി. ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടി സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കുന്നുവെന്നായിരുന്നു പ്രധാന പരാതി. ഗ്രൗണ്ടിൽ ഉഴുതുമറിച്ചിട്ട ഭാഗത്തുനിന്ന് പിച്ച് അനാലിസിസ് നടത്തുന്ന ട്രോൾ വീഡിയോയുമായാണ് മുൻ ഇംഗ്ളണ്ട് ക്യാപ്ടൻ മൈക്കേൽ വോഗൻ രംഗത്തുവന്നത്.
ഇതോടെ ഇന്ത്യൻ താരങ്ങളും മറുപടിയുമായി കളത്തിലിറങ്ങി.ഇംഗ്ളണ്ടിലും ആസ്ട്രേലിയയിലുമൊക്കെ പേസ് ബൗളിംഗിനെ അനുകൂലിക്കുന്ന പിച്ചുകളിൽ കളിക്കാനിറങ്ങുമ്പോൾ ഒരിക്കലും പിച്ചിനെക്കുറിച്ച് ഒരു സംസാരവും ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി ചൂണ്ടിക്കാട്ടിയത്. ഇംഗ്ളണ്ടിനെതിരായ പരമ്പരയ്ക്ക് തൊട്ടുമുമ്പ് ആസ്ട്രേലിയൻ പര്യടനത്തിൽ അഡ്ലെയ്ഡിലെ ഡേ ആൻഡ് നൈറ്റ് മത്സരത്തിൽ ഇന്ത്യ വെറും 36 റൺസിന് ആൾഔട്ടായപ്പോൾ പിച്ച് ഒരു ഭീകരജീവിയായി മാറിയില്ലല്ലോ എന്നും കൊഹ്ലി ചോദ്യമുയർത്തി.പത്രസമ്മേളനത്തിൽ പിച്ചിനെച്ചാരി തന്നെ ചൊറിയാനെത്തിയ ഇംഗ്ളീഷ് പത്രക്കാരനെ രവി ചന്ദ്രൻ അശ്വിൻ ശരിക്കും മാന്തിവിടുകയും ചെയ്തു. എന്താണ് നല്ല പിച്ചിന്റെ മാനദ്ണഡം,ആരാണ് അത് നിശ്ചയിക്കുന്നത് എന്നായിരുന്നു അശ്വിന്റെ ചോദ്യം.മിക്ക ടീമുകളിലുമുള്ള സ്പിന്നർമാരും അശ്വിന് അനുകൂലമായ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. മുൻ നായകൻ സുനിൽ ഗാവസ്കറർ അടക്കമുള്ളവർ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ടീമുകൾ പഠിക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി.ഇംഗ്ളണ്ട് ടീമിലുള്ളവർ പക്ഷേ പരസ്യമായിപിച്ചിനെക്കുറിച്ച് ആക്ഷേപമുയർത്തിയിട്ടില്ല. മൊട്ടേറയിലെ ആദ്യ ടെസ്റ്റിൽ ഒരു സ്പിന്നറെമാത്രം വച്ച് കളിപ്പിച്ച ഇംഗ്ളണ്ടിന്റെ പിച്ചിനെക്കുറിച്ചുള്ള കണക്കുകൂട്ടൽ തെറ്റിയിരുന്നു.പാർട്ട്ടൈം സ്പിന്നറായ ജോ റൂട്ടിന് കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം നൽകിയ പിച്ചിൽ അശ്വിനും അക്ഷറും തിമിർത്താടിയതിൽ അവർക്ക് ഒന്നും പറയാനുമാവില്ലല്ലോ.