തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി ആരോഗ്യവകുപ്പ്. സ്വകാര്യ മേഖലയിൽ ഉൾപ്പടെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തശേഷം കുത്തിവയ്പിനെത്തുവർക്ക് ടോക്കൺ സംവിധാനം ഒഴിവാക്കും.
കൂടാതെ കൊവിൻ ആപ്പിൽ അടുത്ത 15 ദിവസത്തേക്ക് ബുക്കിങ് നടത്താനുള്ള സംവിധാനം സജ്ജമാക്കും. വാക്സിൻ കേന്ദ്രങ്ങളിൽ എത്തിയ പലർക്കും തിരക്ക് മൂലം കുത്തിവയ്പെടുക്കാൻ സാധിക്കാതെ മടങ്ങേണ്ടിവന്നിരുന്നു.ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, പാങ്ങപ്പാറ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഒരാഴ്ചത്തേക്ക് പുതിയ രജിസ്ട്രേഷൻ നൽകില്ല. ടോക്കൺ നൽകിയവർക്ക് ആദ്യഡോസ് നൽകി കഴിയുന്ന മുറയ്ക്ക് ആകും പുതിയ രജിസ്ട്രേഷൻ നടത്തുക.