തൃശൂർ: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന വമ്പൻമാരെ ഹണിട്രാപ്പിൽപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നകേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശിനി ധന്യാബാലന്റെ തട്ടിപ്പിനിരയായത് നിരവധി പേർ. അപമാനം മൂലം ഇരകളാരും പരാതി നൽകാൻ കൂട്ടാക്കാതിരുന്നത് മറയാക്കി കേരളത്തിനകത്തും പുറത്തും പലരിൽ നിന്നുമായി കോടിക്കണക്കിന് രൂപ ധന്യതട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
നഗ്നഫോട്ടോ കാണിച്ച് ഭീഷണി ഇൻഷുറൻസ് ഏജന്റിന്റെ നഗ്നചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ നോയിഡയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ധന്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന തട്ടിപ്പിത്തരത്തിൽ ധന്യ മുമ്പും കബളിപ്പിച്ചതായ വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
സമൂഹമാദ്ധ്യമം വഴി ഇരയെ കുരുക്കും
ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ധന്യ തന്റെ ഇരകളെ കണ്ടെത്തുന്നത്. പ്രൊഫൈലിലെ വിവരങ്ങളിലൂടെ അവരുടെ സ്റ്റാറ്റസ് മനസിലാക്കി അവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. അപരിചിതരുമായി സൗഹൃദം പാടില്ലെന്ന് പൊലീസും മറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും തന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ പ്രൊഫൈൽ പിക്ചറായി നൽകുന്ന ധന്യയ്ക്ക് ഫേസ് ബുക്കിലും ട്വിറ്ററിലും മെസഞ്ചറിലും മറ്റും ഒന്നിലധികം അക്കൗണ്ടുകളുണ്ട്. വ്യാജപേരും വിലാസവും തെറ്റായ വിവരങ്ങളും ഉൾപ്പെടുത്തിയുള്ള അക്കൗണ്ടുകളിൽ സിവിൽ സർവ്വീസ് ട്രെയിനി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ, കസ്റ്റംസ് ഓഫീസർ, തുടങ്ങി കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥ തുടങ്ങിയ പദവികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് തട്ടിപ്പ് തന്നെ പെട്ടെന്ന് തിരിച്ചറിയാൻ ഇടയില്ലാത്ത ആളുകളെതേടിപിടിച്ചാണ് ധന്യ തട്ടിപ്പിന് വലവീശുന്നത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് ധന്യയുടെ തട്ടിപ്പുകൾ അധികവും നടന്നത്. മുംബൈ, ബംഗളൂരു, ചെന്നൈ, ഗോവ എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്ത് അവിടങ്ങളിലുള്ളവരെ സുഹൃത്തുക്കളാക്കി അവരെ വലയിൽ വീഴ്ത്തിയാണ് തട്ടിപ്പ്. സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ നിരന്തരം മെസേജുകൾ അയച്ചും വീഡിയോ കോൾ വിളിച്ചും സംസാരിച്ച് സൗഹൃദം ഉറപ്പിക്കുന്ന ധന്യ മലയാളിയാണെങ്കിലും ഹിന്ദിയിലോ ഇംഗ്ളീഷിലോ മാത്രമേ ഇരകളോട് ആശയവിനിമയം നടത്തൂ. സിവിൽ സർവ്വീസുകാർക്ക് എല്ലാ ഭാഷകളിലും പരിജ്ഞാനം വേണ്ടവരായതിനാൽ മലയാളം പഠിച്ചതാണെന്ന നിലയിൽ നല്ല സൗഹൃദത്തിലാകുന്നവരോട് അൽപ്പസ്വല്പമായി മലയാളവും പറയും. സൗഹൃദത്തിലായെന്ന് ഉറപ്പാകുന്നവരോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതോടെ അതേ രീതിയിൽ അവർ തിരിച്ചും പറയും. ഇതിനിടെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും കൂടിക്കാഴ്ചയും കറക്കവും ഒരുമിച്ച് ഊണും ഉറക്കവുമെല്ലാം നടത്തിയെടുക്കുന്ന ധന്യ തന്റെ ആഡംബര ഫോണിൽ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും പകർത്തും. സെൽഫിയായും അല്ലാതെയും പകർത്തുന്ന ഇത്തരം ചിത്രങ്ങളാണ് പിന്നീട് ഇരകളെ തിരിഞ്ഞുകൊത്തുന്നത്.
സ്നേഹം നടിച്ച് ഫോട്ടോ എടുക്കും
ഇരകളോട് അമിതമായ സ്നേഹ പ്രകടനങ്ങൾക്ക് ഒരുമ്പെടുന്ന ധന്യ തനിക്ക് പിന്നീട് കാണാനായാണ് ഫോട്ടോകളും വീഡിയോയും പകത്തുന്നതെന്നാണ് ഇരകളെ ധരിപ്പിക്കുന്നത്. താനുമായുള്ള സ്വകാര്യ നിമിഷങ്ങൾ കൈക്കലാക്കിയാൽ ധന്യ പിന്നീട് ഇവരോട് കടമായും അല്ലാതെയും പണം ആവശ്യപ്പെട്ട് തുടങ്ങും. സൗഹൃദം കണക്കിലെടുത്ത് തുടക്കത്തിൽ പലരും ചോദിക്കുന്ന പണം നൽകുമെങ്കിലും പിന്നീട് നിരന്തരം പണത്തിനായി വിളികൾ വരും. പലപ്പോഴായി പതിനേഴര ലക്ഷത്തോളം രൂപയും തന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവും നഷ്ടമായ ഇൻഷുറൻസ് ഏജന്റിനെ വീണ്ടും കൊള്ളയടിക്കാൻ ശ്രമിച്ചതാണ് ധന്യയ്ക്ക് പണിയായത്.
കളക്ടർ ട്രെയിനിയായി നടിച്ചു
ഇൻഷുറൻസ് കമ്പനി ഏജന്റായ മദ്ധ്യവയസ്കനെ കളക്ടർ ട്രെയിനിയെന്ന വ്യാജേനയാണ് ഇവർ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്ന് പറഞ്ഞ് വിവിധ ഹോട്ടൽമുറികളിലും ഫ്ളാറ്റുകളിലും വിളിച്ചുവരുത്തി മൊബൈലിൽ പരാതിക്കാരന്റ നഗ്നചിത്രങ്ങൾ പകർത്തി. തുടർന്ന് അവ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പരാതിക്കാരന്റെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്. തട്ടിപ്പിനിരയായ ഇൻഷുറൻസ് ഏജന്റ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പിന്നീട് ഈ കേസ് സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു.
ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ സ്വാധീനം എം.ബി.എ കഴിഞ്ഞ യുവതി ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലേക്ക് പോയ അന്വേഷണസംഘം ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ചില മലയാളികളുടെ സഹായത്തോടെയാണ് ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസമെന്നു കണ്ടെത്തിയത്. താൻ പ്രതിരോധവകുപ്പിലാണ് ജോലിചെയ്യുന്നതെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ശ്രമിച്ചെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങതെ ധന്യയെ കൈയോടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ധന്യയെ കൂടുതൽ പരാതിക്കാരെത്തുന്നതോടെ വരും ദിവസങ്ങളിൽ വേണ്ടിവന്നാൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.