ന്യൂഡൽഹി: നൂറ്റിഅൻപതോളം രാജ്യങ്ങൾക്ക് കൊവിഡ് വാക്സിനും മെഡിക്കൽ ഉപകരണങ്ങളും നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിർമിച്ച കൊവിഡ് വാക്സിനുകൾ അൻപത് രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും പാരീസ് ഉടമ്പടി പ്രകാരം മുന്നോട്ട് പോകുവാൻ പ്രതിജ്ഞാബദ്ധരാണെന്നും സ്വീഡൻ പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വേനുമായി നടത്തിയ വെർച്ച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ രാജ്യങ്ങൾ തമ്മിലുളള സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ അവശ്യകത കൊവിഡ് കാലത്ത് ബോദ്ധ്യപ്പെട്ടു. ലോകം മാഹാമാരിയുമായി പോരാട്ടത്തിലേർപ്പെടുന്ന വേളയിൽ ഇന്ത്യ 150 രാജ്യങ്ങൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചുനൽകി. ഇന്ത്യ നിർമിച്ച വാക്സിനുകൾ 50 രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ എത്തിച്ചു നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്ത്യ, വാക്സിൻ കയറ്റി അയക്കുന്നതിലും വാക്സിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനും ഡൽഹി ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. വാക്സിൻ മറ്റു രാജ്യങ്ങൾക്കു വിൽക്കുകയോ സൗജന്യമായി നൽകുകയോ ചെയ്യുന്നുണ്ട്. സ്വന്തം ആളുകളെ പൂർണമായി കുത്തിവയ്ക്കുന്നില്ലെന്നും അടിയന്തര പ്രാധാന്യം മനസിലാക്കി ഉത്തരവാദിത്തം കാട്ടണമെന്നും കോടതി ഓർമിപ്പിച്ചു.