ധാക്ക: മുൻ ബംഗ്ലാദേശ് മുഖ്യമന്ത്രി ഖാലിദാ സിയ ജയിൽ മോചിതയാകാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജാമ്യവ്യവസ്ഥകളിൽ ഇളവു വരുത്താനും 17 വർഷത്തെ ജയിൽശിക്ഷ എഴുതിത്തള്ളാനും ബംഗ്ലാദേശ് സർക്കാർ തീരുമാനമെടുത്തതായി നിയമമന്ത്രി അനിസുൾ ഹഖ് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ്വ്യാപനം മൂലം കർശന വ്യവസ്ഥയിൽ 2020 മാർച്ച് മുതൽ വീട്ടിൽ തുടരാൻ സിയയ്ക്ക് ബംഗ്ലാദേശ് ഭരണകൂടം അവസരമൊരുക്കിയിരുന്നു.വിദേശയാത്ര നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. പിന്നീട്, 2020 സെപ്തംബറിൽ ആറ് മാസത്തേയ്ക്ക് കൂടി വീട്ടിൽ തുടരാൻ അനുവദിച്ചു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാ വും മൂന്ന് തവണ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയുമായിരുന്നു സിയ.ഖാലിദാ സിയയെ വിട്ടയക്കാൻ തീരുമാനമായതായി ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെ ഉദ്ധരിച്ച് ധാക്ക ട്രൈബ്യൂണും റിപ്പോർട്ട് ചെയ്തു. മോചനം ആവശ്യപ്പെട്ട് സിയ കുടുംബത്തിൽനിന്ന് കത്ത് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. സിയയുടെ ഇളയ സഹോദരൻ ഷമീം ഇസ്കന്ദർ ചൊവ്വാഴ്ച ശിക്ഷാ ഇളവിനുള്ള അപേക്ഷ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഷേഖ് ഹസീന മാനവികതയുടെ മാതാവാണെന്നും അവർ വിഷയത്തിൽ അനുഭാവപൂർവം ഇടപെടുമെന്നും ഖാൻ അറിയിച്ചു.
ഭർത്താവായ സിയാവുർ റഹ്മാന്റെ സ്മരണാർത്ഥം നടത്തുന്ന അനാഥാലയത്തിനുവേണ്ടിയുള്ള വിദേശ സംഭാവനകളിൽ തട്ടിപ്പ് നടത്തിയതടക്കമുള്ള രണ്ട് കേസുകളിലാണ് 74 കാരിയായ സിയ ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളും രാഷ്ട്രീയപ്രേരിതം ആണെന്നാണ് സിയയുടെ അനുയായികളുടെ പക്ഷം.