ബാഗ്ദാദ്: നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാക്കിലെത്തി. ഇതാദ്യമായാണ് ഇറാഖിൽ മാർപാപ്പ സന്ദർശനം നടത്തുന്നത്. ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2 ഓടെയാണ് മാർപാപ്പ എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാനായി എയർപോർട്ടിൽ ചുവന്ന പരവതാനി വിരിച്ചിരുന്നു. സയാറ്റിക ( നടുവിനും ഇടുപ്പിനും ഉണ്ടാകുന്ന വേദന ) മൂലം അദ്ദേഹം അൽപ്പം മുടന്തിയാണ് നടക്കുന്നത്. ഈ അസുഖം മൂലം പല പരിപാടികളും മാർപാപ്പ ഒഴിവാക്കിയിരുന്നു. മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ അനുചരന്മാരും, സുരക്ഷാസേനയും 75 മാദ്ധ്യമപ്രവർത്തകരും ഉണ്ട്. മാർപാപ്പയുടെ സംരക്ഷണാർത്ഥം പതിനായിരത്തോളം സേനാംഗങ്ങളെ ഇറാക്ക് വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറമേ മാർപാപ്പ സഞ്ചരിക്കുന്ന റോഡുകൾ, താമസസ്ഥലം എന്നിവിടങ്ങളിൽ അതിശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. റോക്കറ്റ്, ചാവേർ ബോംബ് ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തി. വിമാനം, ഹെലികോപ്റ്റർ, കവചിത വാഹനങ്ങളും മാർപാപ്പയുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. എയർപോർട്ടിൽ മാർപാപ്പയെ സ്വീകരിക്കാൻ പ്രധാനമന്ത്രി എത്തിയിരുന്നു. ഇറാക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക ബംഗ്ലാവിൽ മാർപാപ്പയ്ക്ക് സ്വീകരണമൊരുക്കിയിരുന്നു. ഇറാക്ക് ഏറെ വിഷമതകൾ അനുഭവിച്ചെന്നും അവിടം സന്ദർശിക്കേണ്ടത് തന്റെ ചുമതലയാണെന്നും മാർപാപ്പ പറഞ്ഞു.
ഇന്ന് നജഫിലെത്തി ഗ്രാൻഡ് ആയത്തുല്ല അൽ സിസ്താനിയെ മാർപാപ്പ സന്ദർശിക്കും. കൂടാതെ, നസിറിയയിൽ സർവമതസമ്മേളനത്തിലും പങ്കെടുക്കുന്ന അദ്ദേഹം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായ മൊസൂളും സന്ദർശിക്കും. ഇന്ന് ബാഗ്ദാദിലും ഞായറാഴ്ച ഇർബിലിലും അദ്ദേഹം കുർബാന അർപ്പിക്കും. ഇറാക്കിൽ 1450 കിലോമീറ്റർ സഞ്ചരിച്ച ശേഷം മാർപാപ്പ തിങ്കളാഴ്ച വത്തിക്കാനിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.