സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത വർത്തമാനത്തിൽ അഭിനയിച്ചതിന്റെ വിശേഷത്തിൽ പിന്നണി ഗായിക മഞ്ജിരി
അഭിനയം?
അപ്രതീക്ഷിതമായി ലഭിച്ച അവസരം. റഫീക്ക് സാറിന്റെ രചനയിൽ രമേശ് നാരായണൻ സാർ ഇൗണം പകർന്ന മനോഹരമായ മെലഡി പാടാനാണ് വിളിച്ചത്. പാട്ട് സീനിൽ മഞ്ജരി തന്നെ അഭിനയിക്കുന്നതായിരിക്കും നല്ലതെന്ന് സിദ്ദുവേട്ടൻ. ഷൗക്കത്ത് സാറും പ്രോത്സാഹിപ്പിച്ചു. പോസിറ്റീവ് സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. എന്നാൽ ഡയലോഗ് ലഭിക്കുന്നത് ഇപ്പോൾ.
പോസിറ്റീവിൽ ഒപ്പം അഭിനയിച്ചത് ജി. വേണുഗോപാൽ?
പാട്ട് പാടി കുറച്ചു ദിവസത്തിനുശേഷം വി.കെ.പി സാർ വിളിച്ചു. സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നത് സിനിമയിൽ ഉൾപ്പെടുത്താനാണ് തീരുമാനം എന്നറിയിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്റെ ജീവിതവഴി മറ്റൊന്നാണല്ലോ. എന്നാൽ ഒറ്റയ്ക്കല്ലെന്നും വേണുഗോപാൽ ഒപ്പം ഉണ്ടെന്നും പറഞ്ഞു. അതു കേട്ടപ്പോൾ ആശ്വാസമായി. അപ്പോൾ അത് സംഗീതം കൂടിയാണ്. മനോഹരമായി വി.കെ.പി സാർ ചിത്രീകരിക്കുകയും ചെയ്തു.
വർത്തമാനത്തിൽ അഭിനയിക്കുന്നതിന് മുൻപ് കഥ അറിയാമായിരുന്നോ?
തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ സിനിമയുടെ പ്രീവ്യു കണ്ടപ്പോഴാണ് കഥ അറിയുന്നത്.
വർത്തമാനകാലത്തിന്റെ സത്യം തുറന്നുകാട്ടാൻ ശ്രമിക്കുന്ന കാലികപ്രസക്തമായ വിഷയമാണ് ചർച്ച ചെയ്യുന്നത്. പാർവതിയും റോഷനും മികച്ച അഭിനയം കാഴ്ചവച്ചു. ഒപ്പം നിരവധി പുതുമുഖങ്ങളും. വർത്തമാനത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.
പിന്നണി ഗായികയായി തുടക്കം കുറിച്ചപ്പോൾ തന്നെ ബ്രേക്ക് ?
ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. താമരക്കുരുവിക്ക് തട്ടമിട് എവർഗ്രീൻ ഹിറ്റാണ്. പാടിയ എല്ലാ പാട്ടും പ്രിയപ്പെട്ടത്. പ്രതിഭാധനരായ സംഗീത സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാൻ സാധിച്ചു. പിന്നണിഗായികയായി എത്തിയ സമയം നല്ലതായിരുന്നു. ദേവരാജ് മാഷിൽ നിന്നു തുടങ്ങി. എം.ജി. രാധാകൃഷ്ണൻ സാർ, അർജുനൻ മാഷ്, രാഘവൻ മാഷ്, രവീന്ദ്രൻ മാസ്റ്റർ, കൈതപ്രം സാർ, വിദ്യാസാഗർ പുതുനിരയിൽ എം. ജയചന്ദ്രൻ, ദീപക് ദേവ്, ഷാൻ റഹ്മാൻ, രാഹുൽരാജ്, വിശ്വജിത്, രതീഷ് വേഗ, കൈലാസ് മേനോൻ.രമേഷ് നാരായണൻസാറിന്റെ സംഗീതത്തിൽ പാടിയ പാട്ടിന് ആദ്യ സംസ്ഥാന അവാർഡ്.അതും ഗായികയായി തുടക്കം കുറിച്ചതിന്റെ പിറ്റേ വർഷം. രണ്ടു പ്രാവശ്യം സംസ്ഥാന പുര
സ്കാരം.
സംഗീത സംവിധാനം?
ആൽബങ്ങൾക്ക് സംഗീതം ഒരുക്കി. സിനിമയിൽ സംഗീത സംവിധാനം ചെയ്യാൻ അവസരം വരുന്നുണ്ട്. ഒരു ദിവസം അതു സംഭവിക്കും.ബ്ളാക്ക് കോഫി, ഇറോ, വർത്തമാനം എന്നിവയാണ് പുതിയ സിനിമകൾ.വേറിട്ട ആലാപന ശൈലിയും ശബ്ദവുമാണെന്ന് കേൾക്കുമ്പോൾ ഏറെ സന്തോഷം.കർണാടിക്. ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യുഷൻ എന്നീ ആലാപന ശൈലികളുടെ ഭാഗമാവാൻ കഴിഞ്ഞു.
കണ്ണൂരിനേക്കാൾ പ്രിയപ്പെട്ടതാണോ തിരുവനന്തപുരം?
മസ്കത്തിലെ പ്രവാസ ജീവിതത്തിനുശേഷം കോളേജ് പഠനം മുതൽ തിരുവനന്തപുരത്താണ് താമസം. ആദ്യം ബുദ്ധിമുട്ടി അനുഭവപ്പെട്ടു. ഇപ്പോൾ എല്ലാം ശരിയായി. നാട്ടിലേക്കാൾ കൂടുതൽ വർഷം ജീവിച്ചത് തിരുവനന്തപുരത്താണ്. ആ ഒരു ഇഷ്ടമുണ്ട് ഈ നഗരത്തിനോട്. മുംബയ് യിലും കുറെനാൾ ജീവിച്ചു. ഇപ്പോൾ തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് ജീവിതം.
അഭിനയം തുടരുമോ?
നല്ല അവസരം ലഭിച്ചാൽ അഭിനയിക്കും. ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്.എല്ലാം ദൈവനിശ്ചയമായി കരുതുന്ന ആളാണ്. അവസരം നിയോഗം പോലെ വന്നു ചേരുന്നു . നല്ലതു മാത്രമേ തേടിവരുകയുള്ളൂ എന്നു വിശ്വസിക്കുന്നു. അങ്ങനെയാണ് എല്ലാത്തിനെയും സ്വീകരിക്കുക. അതു സംഗീതമായാലും അഭിനയമായാലും.
.