ന്യൂഡൽഹി: സോഷ്യൽ മീഡിയ, ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചട്ടങ്ങൾക്ക് മൂർച്ച പോരെന്ന് സുപ്രീംകോടതി. താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ചട്ടങ്ങൾക്ക് ''പല്ലില്ലെന്നും അവയെല്ലാം വെറും മാർഗനിർദ്ദേശങ്ങൾ മാത്രമാണെന്നും'' സുപ്രീംകോടതി വിമർശിച്ചത്.
'സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ഞങ്ങൾ പരിശോധിച്ചു. ആ ചട്ടങ്ങൾ കൊണ്ട് കേസെടുക്കാനോ പിഴ ചുമത്താനോ വകുപ്പില്ല. കൃത്യമായ നിയന്ത്രണമോ വീഴ്ചകളിൽ എന്തു നടപടി എടുക്കാമെന്നോ വ്യക്തമാക്കുന്നില്ല. മാത്രമല്ല, മാർഗനിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ എന്തൊക്കെ നടപടികൾ എടുക്കാമെന്നും വ്യക്തമല്ല. നിയമനിർമ്മാണത്തിലൂടെ അല്ലാതെ നിയന്ത്രണം സാദ്ധ്യമല്ല.'- ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സുഭാഷ് റെഡ്ഡി എന്നിവരുൾപ്പെട്ട ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
എന്നാൽ, പുതിയ ചട്ടങ്ങൾ സെൻസർഷിപ്പ് തീരെയില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനും സ്വയം നിയന്ത്രണത്തിനും വേണ്ടിയുള്ളതാണെന്ന് സോളിസിറ്റർ ജനറൽ മറുപടി നല്കി. മികച്ച രീതിയിൽ തയാറാക്കിയ ചട്ടങ്ങളുടെ കരട് രൂപം രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അപർണ പുരോഹിതിന് ഇടക്കാല ജാമ്യം
താണ്ഡവ് വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആമസോൺ പ്രൈം വീഡിയോ ഇന്ത്യ മേധാവി അപർണ പുരോഹിതിന്റെ അറസ്റ്റ് സുപ്രീംകോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു. അപർണ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആവശ്യപ്പെടുമ്പോഴൊക്കെ പൊലീസിന് മുന്നിൽ ഹാജരാകുന്നുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ആമസോൺ പ്രൈം വീഡിയോയിൽ ലൈംഗികത പ്രദർശിപ്പിക്കുന്നില്ലെന്നും നിരവധി നല്ല സിനിമകളും സീരിസുകളുമാണ് ഉള്ളതെന്നും അപർണ പുരോഹിതിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി വാദിച്ചു.
'സോളിസിറ്റർ ജനറൽ താണ്ഡവ് കാണണം. ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തുന്നുണ്ടോ എന്ന് വിലയിരുത്തണം. ആമസോൺ പ്രൈമിൽ നൂറിലേറെ ചിത്രങ്ങൾ കാണാനാകും. ഒന്നിൽ പോലും അശ്ലീല ദൃശ്യങ്ങളില്ല. എല്ലാ ദിവസവും വൈകുന്നേരം താൻ ഓരോ സിനിമ വീതം കാണാറുണ്ടെന്നും' മുകുൾ റോഹ്ത്തഗി പറഞ്ഞു.