ന്യൂഡൽഹി: 23 വർഷമായി പാകിസ്ഥാനിലെ ജയിലിൽ തടവിൽ കഴിയുന്ന മകനെ തിരികെ രാജ്യത്തെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് സൈനികന്റെ അമ്മ സുപ്രീംകോടതിയെ സമീപിച്ചു. ക്യാപ്ടൻ സഞ്ജയുടെ അമ്മ കമല ഭട്ടാചാർജിയുടെ ഹർജിയിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഡ്യൂട്ടിക്കിടെ കാണാതായ സൈനികരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും കോടതി ആവശ്യപ്പെട്ടു.
1997 ഏപ്രിൽ 19ന് ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിലെ റാൻ ഒഫ് കച്ചിൽ പെട്രോളിംഗിന് പോയ 17 അംഗ സംഘത്തിൽ നിന്ന് ക്യാപ്ടൻ സഞ്ജയ്, ലാൻസ് നായിക് രാം ബഹദൂർ താപ്പ എന്നിവരെ കാണാതായി.
സൈനികർ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസങ്ങൾക്ക് ശേഷം ക്യാപ്ടൻ സഞ്ജയ് പാകിസ്ഥാൻ ജയിലിലുണ്ടെന്ന് രഹസ്യാന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചു. എന്നാൽ പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ പാകിസ്ഥാൻ തടവിൽ വച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. സൈനികനെ വിട്ടു നൽകണമെന്ന് കേന്ദ്ര സർക്കാർ പാകിസ്ഥാനോട് ആവശ്യപ്പെടണമെന്നാണ് ഹർജിയിലെ ആവശ്യം.