തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പരിഹസിച്ച് കോൺഗ്രസിന്റെ കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. 'രാജാവിനെ കാണുമ്പോള്‍ കവാത്ത് മറക്കു'മെന്ന് പറയുന്നത് പോലെയാണ് പിണറായിക്ക് മോദിയെ കാണുമ്പോഴെന്നും മോദിയെ എന്തിനാണ് മുഖ്യമന്ത്രി പേടിക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു. 'മുണ്ടുടുത്ത മോദിയാണ് പിണറായി വിജയനെന്നും കോൺഗ്രസ് എംപി ആക്ഷേപമുയർത്തി. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിപിഎമ്മിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ വൈരുദ്ധ്യാന്മക ഭൗതികവാദത്തില്‍ പോലും മാറ്റങ്ങൾ വന്നുവെന്നും കണ്ണൂരില്‍ പിണറായി വിജയൻ ശ്രീകൃഷ്ണന്റെ വേഷത്തിൽ നിൽക്കുന്ന ചിത്രം സ്ഥാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ മുന്നണിയും സർക്കാരും അധികാരത്തിൽ നിന്നും പോകാൻ കാരണമായത് കെഎം മാണിയാണെന്നും സിപിഎമ്മാണ് അദ്ദേഹത്തെ പ്രതിയാക്കിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
'ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമല്ലേ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഉണ്ടായത്. മാണി സാറിനെ പരലോകത്തേക്ക് പറഞ്ഞയച്ചവരാണ് ഇപ്പോള്‍ പാലായില്‍ അദ്ദേഹത്തിന്റെ പ്രതിമ വെക്കുന്നത്. പ്രതിമ വെച്ചിട്ടെന്ത് കാരണം. സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ആര്‍എസ്എസിനെ ഇന്ത്യയില്‍ നിരോധിച്ചത്. അദ്ദേഹത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നരേന്ദ്രമോദി വെച്ചതുപോലെയാണിത്.'-അദ്ദേഹം ആഞ്ഞടിച്ചു. മാണി മനമുരുകിയാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.