തൃപ്പൂണിത്തുറ : വടക്കേക്കോട്ട മുതൽ പേട്ട പാലം വരെ റോഡിൽ അലക്ഷ്യമായി ഇട്ട കല്ലും മണലുമാണ് ഇന്നലെ ഒമ്പതാം ക്ളാസുകാരന്റെ ജീവനെടുത്തത്. ഫുട്പാത്തിനോട് ചേർന്ന കല്ലിൽ തട്ടി സൈക്കിൾ മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട ആദിത്യൻ കൃഷ്ണൻ തൽക്ഷണം മരണമടയുകയായിരുന്നു.
കാനയുടെ മുകളിൽ സ്ലാബിട്ടു കഴിഞ്ഞ ഭാഗങ്ങൾ റോഡ് നിരപ്പിൽ നിന്നും കുറച്ച് ഉയർന്നാണ്. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്നു പോകാൻ പറ്റുന്ന റോഡിന്റെ ഈ ഭാഗങ്ങളിലൂടെ ഇരുചക്ര വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് ഓടിക്കാനാവുക. ക്രമം തെറ്റി നിൽക്കുന്ന ഒരു കല്ല് മതി വാഹനം തെന്നി മറിയാൻ. അത്തരമൊരു അപകടമാണ് ആദിത്യൻ കൃഷ്ണന്റെ ജീവനെടുത്തത്. അടിയന്തരമായി ഇവ നീക്കം ചെയ്തില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾക്ക് വഴിയൊരുക്കും.