ആലപ്പുഴ: ഒരിക്കൽ നിരോധിക്കപ്പെട്ട കീടനാശിനികളും വളങ്ങളും പുതിയ ലേബലിൽ കുട്ടനാട്ടിൽ വ്യാപകമായി എത്തിക്കുന്നതായി കർഷകരുടെ വെളിപ്പെടുത്തൽ. ലാഭം പ്രതീക്ഷിച്ചാണ് കർഷകരും പാടശേഖര സമിതികളും വളക്കമ്പനികളുടെ വാഗ്ദാനങ്ങളിൽ വീഴുന്നത്. ചിലർക്കാവട്ടെ നിരോധിച്ചവ ഏതെല്ലാമെന്നോ, ഉപയോഗിക്കാവുന്നത് ഏതെന്നോ കൃത്യമായ ധാരണയുമില്ല.
അംഗീകൃത വളം ഡിപ്പോകളിലും വിവിധ ഏജൻസികൾ വഴിയും നിരോധിത ഉത്പന്നങ്ങൾ ഇപ്പോഴും വിറ്റഴിക്കപ്പെടുകയാണ്. കുട്ടനാട്ടിലെ നെൽ കൃഷിയിടങ്ങളിൽ മാത്രം കർഷകർ പ്രതിവർഷം 500 ടൺ കീടനാശിനിയാണ് പ്രയോഗിക്കുന്നത്. പുഞ്ചകൃഷിക്ക് 370 ടണ്ണും രണ്ടാം കൃഷിക്ക് 130 ടൺ കീടനാശിനിയും ഉപയോഗിക്കുന്നു. 50 ടണ്ണിനു മുകളിൽ കുമിൾനാശിനി വേറെയും. വയലുകളിൽ 'മരുന്ന്' എന്ന പേരിലുള്ള വിഷപ്രയോഗം കാർഷിക സർവകലാശാല ശുപാർശ ചെയ്യുന്നതിനെക്കാൾ 75 ശതമാനം വരെ അധികമാണ്. വ്യാപകമായി മരുന്ന് ഉപയോഗിക്കുമ്പോഴും അതിന്റെ അഞ്ച് ശതമാനം മാത്രമാണ് കീടങ്ങളിൽ എത്തുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
'ഹോം സർവീസ് '
നിരോധിച്ച കീടനാശിനികൾ കർഷകന്റെ വീട്ടുപടിക്കൽ എത്തിക്കാൻ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.വീടുകളിലെത്തി വിലപേശി കച്ചവടം ഉറപ്പിക്കും. ശേഷം കർഷകർ പറയുന്നിടത്ത് കളനാശിനികളും കീടനാശിനികളും എത്തിച്ചുകൊടുക്കും. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനാൽ സംഗതി കർഷകർക്കും പ്രിയം.
ഭക്തിയുടെ മറവിൽ കടത്ത്
തീർത്ഥാടനകേന്ദ്രങ്ങളിലേക്കു പോകുന്ന വാഹനങ്ങളാണു കീടനാശിനി കടത്തിനായി മുഖ്യമായും ഉപയോഗിച്ചു വരുന്നതെന്ന് കർഷകർ പറയുന്നു. കേരളത്തിൽ നിരോധിച്ച പാരാക്വാറ്റ്, ഗ്രാമെക്സോൺ, കൈമെറ്റ്, റൗണ്ട് അപ്പ് തുടങ്ങിയ വിവിധ കീടനാശിനികളും കളനാശിനികളുമാണ് ഇപ്പോഴും കുട്ടനാടൻ പാടശേഖരങ്ങളിൽ പ്രയോഗിക്കുന്നത്. തമിഴ്നാട്ടിലെ പഴനിയിലെത്തിയാണ് കർഷകർ ഗുണം കിട്ടിക്കൊണ്ടിരുന്ന ഈ ബ്രാൻഡുകൾ വ്യാപകമായി വാങ്ങുന്നത്.
പച്ചക്കറിയും പഴവർഗങ്ങളും കൊണ്ടുവരുന്ന ലോറികളിലും നിരോധിത വിഷങ്ങൾ എത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽ 150-200 രൂപയ്ക്കു ലഭിക്കുന്ന കളനാശിനികളും കീടനാശിനികളും 450-500 രൂപയ്ക്കാണ് കുട്ടനാട്ടിലെ കർഷകർ വാങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളിലും നിരോധനം ഏർപ്പെടുത്തിയാൽ മാത്രമേ നിരോധനം കൊണ്ടുള്ള ഫലം ലഭിക്കൂ എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പരിശോധന മുറപോലെ
പരിശോധനകൾക്ക് ഉദ്യോഗസ്ഥർ കൃത്യമായി എത്താത്തത് കർഷകരെ ചൂഷണത്തിന് വിധേയരാക്കുന്നു. മുൻപ് കൃഷിവകുപ്പ് വിത്തും വളവും നൽകിയിരുന്നു. എന്നാൽ ഗുണനിലവാരം പോരെന്ന ആരോപണമുയർന്നതിനെത്തുടർന്നാണ് 2012 മുതൽ കർഷകർ തന്നെ വളം വങ്ങിയതിനുശേഷം ബില്ല് നൽകുന്ന രീതി ആരംഭിച്ചത്. സ്വകാര്യ കമ്പനിക്കാർ വൻലാഭം കൊയ്യുന്നതിനുവേണ്ടിയാണ് സർക്കാർ നൽകിയിരുന്ന വളത്തിന് ഗുണനിലവാരം കുറവാണെന്ന് ആരോപണം ഉയർത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പരിശോധനകളുണ്ടാകാറില്ലെന്ന് കർഷകർ പറയുന്നു.
................
പേര് മാറ്റിയാണ് നിരോധിത കീടനാശിനികൾ വിപണിയിൽ വീണ്ടുമെത്തുന്നത്. കർഷകരിൽ പലർക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. കൃഷി ഓഫീസർമാർ കൃത്യമായി മിന്നൽ പരിശോധനകളടക്കം നടത്തിയാൽ മാത്രമേ നിരോധിച്ചവയെ എന്നന്നേക്കുമായി പടിക്ക് പുറത്താക്കാൻ സാധിക്കൂ.
- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്,
നെൽ - നാളികേര കർഷക ഫെഡറേഷൻ
..........................