തിരുവനന്തപുരം: 1982-87ലെ കെ. കരുണാകരൻ സർക്കാരിന്റെ കാലം. പോളി ടെക്നിക് സ്വകാര്യവത്കരണത്തിനെതിരെ ഇടതു വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ആഴ്ചകൾ നീണ്ട സമരം. കലാലയങ്ങളിൽ നിന്ന് വിദ്യാലയങ്ങളിലേക്ക് പടർന്ന സമരത്തിൽ അണി ചേർന്ന് നെടുമങ്ങാട് മീനാങ്കൽ ഹൈസ്കൂളിലെ കുട്ടികളും ക്ലാസ് ബഹിഷ്കരിച്ച് സമരവുമായി റോഡിലിറങ്ങി. മുദ്രാവാക്യം മുഴക്കി പ്രകടനം നയിച്ചവരിൽ എട്ടാം ക്ലാസിലെ ഒരു 13 കാരനും.
സ്ഥലത്തെ ചില കോൺഗ്രസുകാരുടെ വിരട്ടലിന് മുന്നിൽ പതറാതെ നിന്ന ആ ബാലൻ പിന്നിട് വിദ്യാർത്ഥി -യുവജന- തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമര നായകനായി. പൊലീസ് മർദ്ദനങ്ങളും ജയിൽ വാസവും ശീലമായി. പേര് മീനാങ്കൽ കുമാർ.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തലസ്ഥാനത്തെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയാണ് മീനാങ്കൽ കുമാർ. ജില്ലയിലെ സി.പി.ഐയുടെയും പാർട്ടി ബഹുജന സംഘടനകളുടെയും ജനകീയ പോരാട്ട വേദികളിലെ നിറ സാന്നിദ്ധ്യവും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ കുമാറിന്റെ നിശ്ചയ ദാർഢ്യത്തിനും കർമ്മ മണ്ഡലങ്ങളിലെ സമർപ്പണത്തിനും പാർട്ടിയുടെ വലിയ അംഗീകാരത്തിന് സാദ്ധ്യത തെളിയുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിത്വത്തിലേക്ക് സി.പി.ഐ പരിഗണിക്കുന്നവരിൽ പ്രമുഖനാണ് കുമാർ.
ചെറുകിട കച്ചവട രംഗത്തെ കുത്തക കമ്പനികളുടെ കടന്നുവരവിനെതിരായ ബിഗ് ബസാർ സമരത്തിനും സ്വകാര്യ വിദ്യാഭ്യാസ കച്ചവടത്തിന് ഇരയായ രജനി എസ്. ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധ സമരത്തിനും നേതൃത്വം നൽകിയ കുമാർ, പൊലീസിന്റെ ക്രൂര മർദ്ദനത്തിനാണ് ഇരയായത് മീനാങ്കൽ മലയോര മേഖലയിൽ തൊഴിലാളികളുടെ സംരക്ഷണത്തിന് 2003ൽ നടന്ന മീനാങ്കൽ എസ്റ്റേറ്റ് സമരത്തിൽ മുന്നണിപ്പോരാളിയായി. നെടുമങ്ങാടും ആര്യനാടും സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി ഒരു ദശാബ്ദക്കാലം പ്രവർത്തിച്ചു. എ.ഐ.വൈ.എഫ്, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കുമാർ, നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലും സജീവ സാന്നിദ്ധ്യമാണ്.