ആലുവ: മരം കൊണ്ടുള്ള ഫർണീച്ചർ നിർമ്മാണരംഗത്തെ ഏക സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ആലുവയിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്.ഐ.ടി) രണ്ടുവർഷംകൊണ്ട് നേടിയത് 50 ലക്ഷം രൂപയുടെ ലാഭം. പുതിയ ഭരണസമിതി ചുമതലയേൽക്കുമ്പോൾ 14 കോടി രൂപ നഷ്ടത്തിലായിരുന്നു. നഷ്ടം നികത്തിയതിന് പുറമേയാണ് രണ്ടുസാമ്പത്തിക വർഷങ്ങളിലായി 50 ലക്ഷത്തിലധികം രൂപ ലാഭമുണ്ടാക്കിയത്.
ഏഴുവർഷമായി മുടങ്ങിയ ഓഡിറ്റ് പൂർത്തിയാക്കി, കമ്പനി രജിസ്ട്രാരുടെ അംഗീകാരം തിരികെ പിടിച്ചു. വിവിധ വകുപ്പുകൾക്ക് നൽകേണ്ട നികുതി, പലിശ, പിഴപ്പലിശ എന്നിവ നാമമാത്രമാക്കി കുറച്ചു. മുൻ ഭരണസമിതി സർക്കാരിൽ നിന്ന് കടമെടുത്ത 17 കോടിയോളം രൂപ സർക്കാരിന്റെ ഓഹരിയാക്കി. ഒഴിഞ്ഞുകിടന്ന തസ്തികകളിൽ നിയമനം നടത്തി. കൊവിഡിൽ സ്ഥാപനം പൂട്ടിക്കിടന്നപ്പോഴും ജീവനക്കാരുടെ ശമ്പളം, ബോണസ് എന്നിവ മുടങ്ങിയില്ല. തൊഴിലാളികളുടെ ദീർഘകാല വേതനക്കരാർ 30 ശതമാനം വർദ്ധനയോടെ അംഗീകരിച്ചു.
ഉത്പാദനം, ജീവനക്കാരുടെ ലഭ്യത, പ്രമോഷൻ എന്നിവയെപ്പറ്റി പഠിക്കാൻ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനെ (സി.എം.ഡി) ചുമതലപ്പെടുത്തി. സീറോ വേസ്റ്റ് പദ്ധതി വിപുലപ്പെടുത്തി ഫിംഗർ ജോയിന്റ് ഫർണീച്ചർ നിർമ്മാണം, വുഡ് ഫ്ളോറിംഗ്, മറ്റ് മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം എന്നിവ അടങ്ങിയ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിന് നൽകിയിട്ടുണ്ട്. ഡിസൈൻ സ്റ്റുഡിയോ, കമ്പ്യൂട്ടർ നിയന്ത്രിത ഉത്പാദന യന്ത്രങ്ങൾ, ക്ലാസ് മുറികൾ എന്നിവയുള്ള പരിശീലന പദ്ധതി, ഫർണീച്ചറുകളുടെയും മര ഉത്പന്നങ്ങളുടെയും ഇനവും ഗുണനിലവാരവും അറിയാനുള്ള ലബോറട്ടറി എന്നിവയും സർക്കാരിന്റെ പരിഗണനയിലാണ്. പെരുന്തച്ചന്റെ പേരിലുള്ള 'പെരുന്തച്ചൻ വുഡ് ടെക്നോളജി സെന്റർ" പദ്ധതിയും കേന്ദ്ര, സംസ്ഥാന അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്.