നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലീഡ്,മേൽക്കൈ
പന്തിന് സെഞ്ച്വറി, സുന്ദറിന് അർദ്ധ സെഞ്ച്വറി
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നിർണായകമായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന്റെ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. പ്രതിസന്ധിഘട്ടത്തിൽ ഒരിക്കൽക്കൂടി രക്ഷകവേഷത്തിൽ അവതരിച്ച റിഷഭ് പന്തിന്റെ സെഞ്ച്വറിയുടേയും (101) അവസരത്തിനൊത്തുയർന്ന വാഷിംഗ്ടൺ സുന്ദറിന്റെ അർദ്ധ സെഞ്ച്വറിയുടേയും (പുറത്താകാതെ 60) , മുൻനിരയിൽ പിടിച്ചു നിന്ന രോഹിത് ശർമ്മയുടെ ചെറുത്ത് നില്പിന്റേയും (49) പിൻബലത്തിൽ രണ്ടാം ദിനം കളിനിറുത്തുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കിപ്പോൾ 89 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. സുന്ദറിനൊപ്പം 11 റൺസുമായി അക്ഷർ പട്ടേലാണ് ക്രീസിലുള്ളത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 205 റൺസിന് ആൾഔട്ടായിരുന്നു.
24/1 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് പക്ഷേ തുടക്കത്തിൽ കാര്യങ്ങൾ അനുകൂലമായിരുന്നില്ല. ടീം സ്കോർ 40ൽ എത്തിയപ്പോൾ വിശ്വസ്തനായ ചേതേശ്വർ പുജാരയെ (17) വിക്കറ്റിന് മുന്നിൽ കുടുക്കി ജാക്ക് ലീച്ച് ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടു പിന്നാലെ നായകൻ വിരാട് കൊഹ്ലിയെ അക്കൗണ്ട് തുറക്കും മുൻപേ കീപ്പർ ബെൻഫോക്സിന്റെ കൈയിൽ എത്തിച്ച് സ്റ്റോക്സ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം നൽകി. ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ക്യാപ്ടനെന്ന നാണക്കേടുമായാണ് കൊഹ്ലി പവലിയനിലേക്ക് മടങ്ങിയത്. 3/41 എന്ന നിലയിൽ വലിയ തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ പിന്നീടെത്തിയ അജിങ്ക്യ രഹാനെയെ (27) കൂട്ടുപിടിച്ച് രോഹിത് കരകയറ്റി. എന്നാൽ നന്നായി കളിച്ചു വരികയായിരുന്ന രഹാനെയെ സ്റ്റോക്സിന്റെ കൈയിൽ എത്തിച്ച് ആൻഡേഴ്സൺ കൂട്ടുകെട്ട് പൊളിച്ചു. പകരമെത്തിയ പന്തിനൊപ്പം വീണ്ടും ഇന്ത്യൻ ഇന്നിംഗ്സ് കെട്ടിപ്പെടുക്കുന്നതിനിടെ അർഹിച്ച അർദ്ധ സെഞ്ച്വറിക്കരികിൽ വച്ചു രോഹിതിനും അടിതെറ്റി.സ്റ്റോക്സിന്റെ പന്തിൽ എൽബി ഡബ്ല്യുവിൽ കുരുങ്ങി. 144 പന്തിൽ 7 ഫോറുൾപ്പെട്ടതായിരുന്നു രോഹിതിന്റെ സെൻസിബിൾ ഇന്നിംഗ്സ്. പിന്നാലെയെത്തിയ അശ്വിനെ (13) ലീച്ച് പോപ്പിന്റെ കൈയിൽ എത്തിച്ചതോടെ ഇന്ത്യ 146/6 എന്ന നിലയിൽ പരുങ്ങലിലായി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച പന്തും സുന്ദറും രക്ഷാപ്രവർത്തനം ഏറ്റെടുത്തതോടെ ഇന്ത്യ വീണ്ടും ട്രാക്കിലാവുകയായിരുന്നു. ഇഴഞ്ഞു നീങ്ങുകയായിരുന്ന ഇന്ത്യൻ സ്കോർ ബോർഡിന് അനക്കംവച്ചു. അർദ്ധ സെഞ്ച്വറി കടന്നതോടെ ഗിയർമാറ്റിയ പന്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് അന്ധാളിപ്പിലായി. ബൗണ്ടറികൾ നിരന്തരം കണ്ടെത്തിക്കൊണ്ടിരുന്നു. ന്യൂബാളുമായെത്തിയ നിലവിലെ ഏറ്റവും അപകടകാരിയായ പേസർ ജയിംസ് ആൻഡേഴ്സണെ റിവേഴ്സ് ഫ്ലിപ്പിലൂടെ ബൗണ്ടറി കടത്തിയ ഷോട്ട് സമീപകാല ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു.വ്യക്തിഗത സ്കോർ 94ൽവച്ച് റൂട്ടിനെ സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പായിച്ച് രാജകീയമായിത്തന്നെ പന്ത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി കുറിക്കുമ്പോൾ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആ നേട്ടം ആഘോഷിച്ചത്. സെഞ്ച്വറി തികച്ച് ഉടനേ തന്നെ ആൻഡേഴ്സൺന്റെ പന്തിൽ റൂട്ടിന് ക്യാച്ച് നൽകി പന്ത് മടങ്ങി.118 പന്ത് നേരിട്ട് 13 ഫോറും 2 സിക്സും ഉൾപ്പെട്ടതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. പന്തും സുന്ദറും ഏഴാം വിക്കറ്റിൽ 113റൺസ് കൂട്ടിച്ചേർത്തു. പന്ത് പുറത്തായ ശേഷം ആക്രമണ ചുമതല ഏറ്റെടുത്ത സുന്ദർ അക്ഷറിനൊപ്പം ഇന്ത്യയെ രണ്ടാം ദിനം കടത്തി. 117 പന്ത് നേരിട്ട സുന്ദർ 7 ഫോറുകൾ നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിനായി ആൻഡേഴ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.