കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊലം കത്തിക്കാനുള്ള യു ഡി എഫ് പ്രവർത്തകരുടെ ശ്രമം സി പി എം തടഞ്ഞതിനെത്തുടർന്ന് സംഘർഷം. അടിപിടിയിൽ എട്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 90 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ജാഥയും, മുഖ്യമന്ത്രിയ്ക്കെതിരെയുള്ള കസ്റ്റംസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടുള്ള സി പി എം ജാഥയും ഒരേ സമയത്ത് മരട് കൊട്ടാരം ജംഗ്ഷനിൽ എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പിണറായി വിജയന്റെ കോലം യുഡിഎഫ് പ്രവർത്തകർ കത്തുക്കുന്നത് തടയാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
കഴിഞ്ഞ ദിവസം ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കാണിച്ച് കസ്റ്റംസ് സത്യവാങ്മൂലം നൽകിയിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എൽ ഡി എഫ് മാർച്ച് നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിലേക്കാണ് പ്രതിഷേധ മാർച്ച്.