സിംപ്റ്റോമാറ്റിക് അപസ്മാരം ചികിത്സയിലൂടെ പൂർണമായി ഭേദമാക്കാവുന്നതാണ്. എന്നാൽ, ഐഡിയോപ്പതിക്
അപസ്മാരത്തിന് ദീർഘകാല ചികിത്സ ആവശ്യമാണ്. രോഗനിർണയത്തിൽ ഏറ്റവും പ്രധാനപ്പെട്ട പരിശോധനകളാണ് ഇ.ഇ.ജിയും തലച്ചോറിന്റെ സി.ടി അല്ലെങ്കിൽ എം.ആ.ഐ സ്കാൻ. തലച്ചോറിലെ ഇലക്ട്രിക് തരംഗങ്ങളിലെ അപാകത കണ്ടുപിടിക്കാനാണ് ഇ.ഇ.ജി (എലക്ട്രോ എൻസെഫലോഗ്രാം) സഹായിക്കുക. ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിലുമുള്ള ഇ.ഇ.ജി, ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ഇ.ഇ.ജി തന്നെ വേണ്ടി വരും. ഈ പരിശോധനകളനുസരിച്ചാണ് ഏതു മരുന്ന് എത്ര കാലം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്.
ചിലപ്പോൾ ഒരു മരുന്നുകൊണ്ടുമാത്രം അപസ്മാരം നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല. അപ്പോൾ പലതരം മരുന്നുകൾ ആവശ്യമായി വരാം. മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ ചിലപ്പോൾ എപ്പിലപ്സി സർജറി ആവശ്യമായി വരും.
എപിലപ്സി സർജറിക്ക് ശേഷവും മരുന്നുകൾ തുടരണം
അപസ്മാര രോഗികളിൽ ഇടയ്ക്ക് മരുന്ന് മുടങ്ങുന്നത്, ഉറക്കമൊഴിയുന്നത്, അമിതമായ സ്ട്രെസ് അല്ലെങ്കിൽ ക്ഷീണം, സമയത്ത് ആഹാരം കഴിക്കാതിരിക്കുന്നത് എന്നിവയാണ് അടിക്കടി ജെന്നി വരാൻ പ്രേരകമാകുന്ന ഘടകങ്ങൾ. മിന്നുന്ന ലൈറ്റുകൾ, ഉയർന്ന അളവിലുള്ള മദ്യപാനം, മൊബൈൽ, ലാപ്ടോപ്പ് എന്നിവയുടെ അമിത ഉപയോഗവും ജെന്നിക്ക് കാരണമാകാം.
അപസ്മാരരോഗികളിൽ വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവ കൂടുതലുള്ളതിനാൽ വിഷാദരോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ മാനസിക ആരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുന്നത് നല്ലതാണ്. അടിക്കടി ജെന്നി വരുന്നവർ ഡ്രൈവിംഗ്, ഉയരത്തിലുള്ള ജോലികൾ, നീന്തൽ എന്നിവ ഒഴിവാക്കേണ്ടതാണ്. മറ്റേതെങ്കിലും അസുഖത്തിന് ഡോക്ടറെ കാണുന്നവർ അപസ്മാരമുള്ള വിവരവും കഴിക്കുന്ന മരുന്നുകളും കാണിക്കേണ്ടതാണ്. കാരണം, മറ്റു അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലമായും ജെന്നി ഉണ്ടാകാം.
ജെന്നി വരുന്ന സമയത്ത് ചുറ്റുമുള്ള വസ്തുക്കളിൽ തട്ടി മുറിവുകൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ ചുറ്റുമുള്ള വസ്തുക്കൾ മാറ്റിക്കൊടുക്കണം. ജെന്നിയുടെ സമയത്ത് കൈയിൽ ഏതെങ്കിലും വസ്തുക്കൾ പിടിക്കാൻ കൊടുക്കുന്നതും കൂടുതൽ മുറിവ് ഉണ്ടാകാൻ ചിലപ്പോൾ കാരണമായേക്കാം.
മിക്കവാറും ജെന്നി മൂന്നു മിനിട്ടിൽ താഴെ മാത്രമേ നിലനിൽക്കുകയുള്ളൂ. അതിൽ കൂടുതൽ സമയം ഉണ്ടെങ്കിൽ ആശുപത്രിയിലേയ്ക്ക് മാറ്റണം.
ജെന്നിയുടെ സമയത്ത് വായിൽ നിന്ന് നുരയോ അല്ലെങ്കിൽ നാക്ക് മുറിഞ്ഞു രക്തമോ വരാൻ സാദ്ധ്യതയുണ്ട്. ജെന്നി മാറിക്കഴിയുമ്പോൾ രോഗിയെ ഇടതുവശം ചരിച്ചു തല താഴ്ത്തി കിടത്തിയാൽ ഇത് ശ്വാസകോശത്തെ
ബാധിക്കാനുള്ള സാദ്ധ്യത കുറയ്ക്കാം.ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ മരുന്നുകളുടെ ഡോസ് കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാൻ പാടുള്ളൂ.