തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിൽ ഫ്ലൈയിംഗ് സ്ക്വാഡിന് തിരക്കേറുകയാണ്. വോട്ടർമാരെ സ്വാധീനിക്കാനുള്ള വിവിധ സമ്മാനങ്ങളും ഒപ്പം അനധികൃത പണമൊഴുക്കും തടയാൻ തികഞ്ഞ ജാഗ്രത പുലർത്തുകയാണിവർ. നീലഗിരി ജില്ലയിലെ ഫ്ലൈയിംഗ് സ്ക്വാഡ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് 4,500 കോഴിക്കുഞ്ഞുങ്ങളെയാണ്. കുന്നൂരിലേക്ക് കൊണ്ടു പോകവെയാണ് കോഴിക്കുഞ്ഞുങ്ങളെ നിറച്ച വാഹനങ്ങൾ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടത്തെ ആദിവാസി ഗ്രാമങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികൾ വിതരണം ചെയ്യാൻ ഉദ്ദേശിച്ചതാണ് ഇവയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുക്കവെ തമിഴ്നാട്ടിൽ ഇത്തരം പ്രവണതകൾ അസാധാരണമല്ലെന്ന് എല്ലാവർക്കുമറിയാം.
ഇത് ചെറിയ ഉദാഹരണം മാത്രമാണ്. ഇതുപോലെ നിരവധി ഇനങ്ങളാണ് തമിഴ്നാട്ടിൽ ഫ്ലൈയിംഗ് സ്ക്വാഡ് ദിവസവും പിടികൂടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് കടത്തുന്നവ പിടികൂടാനും ഫ്ലൈയിംഗ് സ്ക്വാഡ് മാത്രമല്ല, സ്റ്റാറ്റിക് സർവെയ്ലൻസ് ടീമും ഇലക്ഷൻ മോണിറ്ററിംഗ് ടീമും രംഗത്തുണ്ട്. തമിഴ്നാട്ടിലെ ഓരോ മണ്ഡലത്തിലും മൂന്ന് ഫ്ലൈയിംഗ് സ്ക്വാഡ് ടീമിനെ വീതമാണ് നിയോഗിച്ചിരിക്കുന്നത്.
വെല്ലൂർ, വാണിയമ്പാടി, കൃഷ്ണഗിരി, മാത്തൂർ, നീലഗിരി, കടലൂർ, നാമക്കൽ, ശിവഗംഗ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി ഇതിനോടകം തന്നെ രേഖയില്ലാത്ത ഒരു കോടിയിലേറെ രൂപ പിടിച്ചെടുത്തു. നീലഗിരിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 3.30 ലക്ഷം രൂപ വിലമതിക്കുന്ന ഗിഫ്റ്റുകൾ ഫ്ലൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു.
അതിനിടെ, വോട്ടുകൾ തങ്ങളിലേക്കൊഴുക്കാൻ ലക്ഷ്യമിട്ട് ജയലളിതയുടെയും മുഖ്യമന്ത്രി പളനി സ്വാമിയുടെയും ചിത്രങ്ങൾ പതിച്ച സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും എ.ഐ.എ.ഡി.എം.കെ വിതരണം ചെയ്യുന്നെന്ന് കാട്ടി ഡി.എം.കെ രംഗത്തെത്തിയിരുന്നു. സൗജന്യ വിതരണത്തിന് സൂക്ഷിച്ചിരുന്നുവെന്ന് കരുതുന്ന ഇത്തരം 50,000ത്തിലേറെ ബാഗുകൾ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ സ്കൂളിൽ നിന്നും ചെക്പോസ്റ്റിൽ നിന്നും പിടികൂടിയിരുന്നു.
കൂടാതെ, അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ (എ.എം.എം.കെ)ചിഹ്നത്തോട് കൂടിയ 3,300 പ്രഷർ കുക്കറുകളും പിടികൂടിയിരുന്നു. ജയലളിത, വി.കെ ശശികല, എ.എം.എം.കെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ എന്നിവരുടെ ചിത്രങ്ങൾ പ്രഷർ കുക്കർ ബോക്സുകളിൽ പതിപ്പിച്ചിരുന്നു.
ഏപ്രിൽ 6ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 12 മുതൽ നോമിനേഷനുകൾ നൽകിത്തുടങ്ങാം. 80 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് സൗകര്യമുണ്ട്. 80 വയസു കഴിഞ്ഞ 12,91,132 പേർ തമിഴ്നാട്ടിലുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. ചെന്നൈയിലാണ് ഇതിൽ ഏറ്റവും കൂടുതൽ പേരുള്ളത്.