SignIn
Kerala Kaumudi Online
Tuesday, 13 April 2021 11.13 PM IST

കഴിഞ്ഞ തവണ യു.ഡി.എഫിനെ പൂർണ്ണമായും കൈവിട്ട കൊല്ലം ഇക്കുറി ആർക്കൊപ്പം

kollam

കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പൂർണമായും കൈവിട്ട കൊല്ലം ജില്ല ഇത്തവണ ആർക്കൊപ്പം നിൽക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണയവും പ്രചാരണ പരിപാടികളും ചൂടുപിടിക്കുന്നതിനിടെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളുള്ള കൊല്ലത്തിന്റെ രാഷ്ട്രീയ മനസ് പ്രവചനങ്ങൾക്ക് അതീതമാണ്.

ഇടതുമുന്നണിയ്ക്കാണ് ജില്ലയിൽ പൊതുവേ മേൽക്കൈയെങ്കിലും 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജില്ല വലതുപക്ഷത്തേക്ക് ചാഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രനെ വൻ ഭൂരിപക്ഷത്തോടെയാണ് കൊല്ലത്തുകാർ പാർലമെന്റിലേക്ക് അയച്ചത്. പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞടുപ്പിൽ ഇടതുമുന്നേറ്റം ആവർത്തിച്ചപ്പോൾ വലതുമുന്നണിയും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം പിടിക്കുകയും ചില പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്തും മറ്റ് ചിലയിടങ്ങളിൽ കൂടുതൽ സീറ്റുകൾ കരസ്ഥമാക്കുകയും ചെയ്തുവെന്നതാണ് ജില്ലയിലെ നിലവിലെ തിരഞ്ഞെടുപ്പ് ചിത്രം. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ അങ്കത്തട്ടൊരുക്കി കാത്തിരിക്കുകയാണ് കൊല്ലം ജില്ല.

സ്ഥാനാർത്ഥി നിർണയ ചർച്ച തുടങ്ങി

രാഷ്ട്രീയ പ്രബുദ്ധതയുള്ള കൊല്ലത്തുകാർ ഇക്കുറി ആരെ തുണയ്ക്കും. തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി മുന്നണികളും സജീവമാണ്. സ്ഥാനാർത്ഥി നിർണയ ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തരംഗത്തിലായിരുന്നു കൊല്ലം ജില്ല. ആകെയുള്ള 11 മണ്ഡലങ്ങളിൽ 11 ഇടത്തും എൽ.ഡി.എഫ് തേരോട്ടം നടന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് ഒരിടത്തും പച്ചതൊട്ടില്ല. ദയനീയ പരാജയം ഏറ്റുവാങ്ങിയെന്ന് മാത്രമല്ല ചാത്തന്നൂർ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ശൂരനാട് രാജശേഖരൻ സ്വന്തം തട്ടകത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സഹപ്രവർത്തകരെ തോല്പിച്ച് ഗണേശ്കുമാർ

സിനിമാ താരങ്ങളുടെ സാന്നിദ്ധ്യത്തിലൂടെ സ്റ്റാർ പോരാട്ടം നടന്ന പത്തനാപുരത്ത് ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച കെ.ബി. ഗണേശ് കുമാർ, സിനിമയിലെ തന്റെ സഹപ്രവർത്തകരായ ജഗദീഷിനെയും (കോൺഗ്രസ്) ഭീമൻ രഘുവിനെയും (എൻ.ഡി.എ) 24562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കൊല്ലത്തും സിനിമാ താരത്തെ രംഗത്തിറക്കിയായിരുന്നു സി.പി.എം പരീക്ഷണം. നടൻ എം.മുകേഷിനെ സിപി.എം മത്സരിപ്പിച്ചപ്പോൾ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന തോപ്പിൽ രവിയുടെ മകൻ സൂരജ് രവിയെ കോൺഗ്രസ് രംഗത്തിറക്കി. 17611 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുകേഷിനായിരുന്നു വിജയം.

സി.എം.പിയിൽ നിന്ന് വിജയൻപിള്ള

മുൻ മന്ത്രി ഷിബുബേബി ജോണിനെ തറപറ്റിക്കാൻ വ്യവസായിയായിരുന്ന വിജയൻപിള്ളയെയാണ് സി.എം.പി സ്ഥാനാർത്ഥിയായി ഇടതുമുന്നണി നിയോഗിച്ചത്. 6,181 വോട്ടുകൾക്ക് ഷിബുവിനെ വിജയൻപിള്ള പരാജയപ്പെടുത്തി. വിജയൻ പിള്ളയുടെ രാഷ്ട്രീയ ഗുരുവായ ബേബിജോണിന്റെ മകനുമായുള്ള പോരാട്ടം അന്ന് ചർച്ചയായി. കുന്നത്തൂരിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കോവൂർ കുഞ്ഞുമോൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനെ തോൽപ്പിച്ചത് 20,000 ത്തിൽപ്പരം വോട്ടുകൾക്കാണ്. നാലാം തവണയാണ് കോവൂർ കുഞ്ഞുമോൻ കുന്നത്തൂരിന്റെ എം.എൽ.എയായത്. ഇത്തവണയും കുഞ്ഞുമോൻ മത്സരരംഗത്തുണ്ട്.

കരുനാഗപ്പള്ളിയിലും കടുത്ത പോരാട്ടം

കരുനാഗപ്പള്ളിയിലെ പോരാട്ടവും ഇഞ്ചോടിഞ്ചായിരുന്നു. സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച ആർ.രാമചന്ദ്രനെ എതിരിടാൻ കോൺഗ്രസ് രംഗത്തിറക്കിയത് യുവനേതാവ് സി.ആർ. മഹേഷിനെയായിരുന്നു. ആയിരത്തിൽപ്പരം വോട്ടുകൾക്ക് മഹേഷ് പരാജയപ്പെട്ടു.കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മുപ്പതിനായിരത്തിൽപ്പരം വോട്ടുകൾക്കാണ് ഇപ്പോഴത്തെ കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താനെ പരാജയപ്പെടുത്തിയത്. ആർ.എസ്.പി സംസ്ഥാനസെക്രട്ടറി എ.എ. അസീസിനെ 28,803 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സി.പി.എമ്മിലെ എം. നൗഷാദ് ഇരവിപുരത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. ചടയമംഗലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച എം.എം. ഹസനെ സി.പി.ഐ നേതാവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ അടിയറവ് പറയിച്ചത് 21,928 വോട്ടുകൾക്കാണ്.

ഏറ്റവും വലിയ ഭൂരിപക്ഷം ഐഷാ പോറ്റിയ്ക്ക്

മന്ത്രി കെ. രാജു പുനലൂരിൽ മുസ്ളിം ലീഗിലെ എ. യൂനുസ് കുഞ്ഞിനെ 33,582 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ചാത്തന്നൂരിൽ സി.പി.ഐ സ്ഥാനാർത്ഥി ജി.എസ് ജയലാൽ എൻ.ഡി.എയിലെ വി.വി. ഗോപകുമാറിനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ശൂരനാട് രാജശേഖരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജില്ലയിലെ ഏറ്റവുംവലിയ ഭൂരിപക്ഷമായ 42,362 വോട്ടുകൾക്ക് കോൺഗ്രസിലെ സിവിൻ സത്യനെ പരാജയപ്പെടുത്തിയാണ് കൊട്ടാരക്കരയിൽ ഐഷാ പോറ്റി മൂന്നാമതും തന്റെ ആധിപത്യം ഉറപ്പിച്ചത്. ലോക് സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗം കൊല്ലം ജില്ലയിലും ആഞ്ഞടിച്ചു. ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രൻ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് നിന്ന് ലോക്സഭാംഗമായത്.

ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യു.ഡി.എഫ്

അതിലേറെ രാഷ്ട്രീയ കാലാവസ്ഥകൾ അനുകൂലമാകുകയും ഭരണവിരുദ്ധ വികാരം ശക്തമാകുകയും ചെയ്തതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ വിജയം ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ആലപ്പുഴ ലോക് സഭാ മണ്ഡലം ഉൾപ്പെടുന്ന കരുനാഗപ്പള്ളിയിൽ കേരളത്തിലെ ഏക ഇടത് എം.പിയായ എ.എം. ആരിഫ് പിറകിൽപ്പോയി. കൊട്ടാരക്കര , പത്തനാപുരം ,കുന്നത്തൂർ എന്നിവിടങ്ങളിൽ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് മികച്ച മുന്നേറ്റം നടത്തി. എന്നാൽ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പായപ്പോഴേക്കും സ്ഥിതി ആകെ മാറി. ജില്ലയിൽ ഇടതുതരംഗം ആഞ്ഞടിച്ചു. യു.ഡി.എഫ് തകർന്ന് തരിപ്പണമായി. ജില്ലാ പഞ്ചായത്തും കോർപ്പറേഷനും അടക്കം ഇടതുമുന്നണി മിന്നും വിജയമാണ് സ്വന്തമാക്കിയത്. ആകെയുള്ള 68 പഞ്ചായത്തുകളിൽ 44 ഇടത്ത് ഇടതുമുന്നണി ഭരണം നിലനിറുത്തി. 2015 നേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച യു.ഡി.എഫ് 22 പഞ്ചായത്തുകളിൽ ഭരണം നേടി. കല്ലുവാതുക്കൽ പഞ്ചായത്തിൽ എൻ.ഡി.എ അധികാരത്തിലെത്തി. പന്ത്രണ്ട് ബ്ളോക്ക് പഞ്ചായത്തിൽ 11 ഇടത്തും ഇടതുമുന്നണി ഭരണം നേടിയപ്പോൾ യു.ഡി.എഫിന് ഒരു ബ്ലോക്ക് പഞ്ചായത്തിലെ ഭരണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മണ്ഡലങ്ങളിലെ ഭൂരിപക്ഷം എൽ.ഡി.എഫിന്

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ചാൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം എൽ.ഡി.എഫിനാണ്. ആവിജയത്തിലാണ് ഇടതുമുന്നണിയുടെ മുഴുവൻ പ്രതീക്ഷയും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ച‌ർച്ചകളും തീരുമാനങ്ങളുമായി മുന്നണികൾ തിരക്കിട്ട നീക്കങ്ങളിൽ മുഴുകിയിരിക്കെ സീറ്റുകൾ സംബന്ധിച്ച അവകാശവാദങ്ങളും കൂടിയാലോചനകളും സജീവമായിക്കഴിഞ്ഞു. ജില്ലയിൽ രണ്ട് തവണയിലേറെ മത്സരിച്ച് വിജയിച്ചവരെ മാറ്റി നിറുത്താനുള്ള സി.പി.എം-സി.പി.ഐ തീരുമാനം മത്സര രംഗത്തെ പതിവ് മുഖങ്ങളിൽ മാറ്റമുണ്ടാക്കും. ആർ.എസ്.പി ലെനിനിസ്റ്റ് സ്ഥാനാർത്ഥിയായി കോവൂർ കുഞ്ഞുമോൻ അഞ്ചാം അങ്കത്തിനിറങ്ങുന്ന കുന്നത്തൂർ മണ്ഡലത്തിന് സി.പി.ഐ അവകാശം ഉന്നയിച്ചതുൾപ്പെടെ മത്സര രംഗത്ത് ചില്ലറ പ്രശ്നങ്ങളുണ്ടെങ്കിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏറെക്കുറെ വ്യക്തത വരുത്താൻ ഇടതുമുന്നണിയ്ക്കായി. എന്നാൽ, ചുരുക്കം ചില സീറ്റുകളിലൊഴികെ യു.ഡി.എഫ് , എൻ.ഡി.എ സ്ഥാനാർത്ഥികളാരെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. വരുംദിവസങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമാകുന്നതോടെ പരമ്പരാഗത വ്യവസായങ്ങളായ കയറിന്റെയും കശുഅണ്ടിയുടെയും നാട് മീനച്ചൂടിനെ വെല്ലുന്ന അങ്കച്ചൂടിലമരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
TRENDING IN സഭയിലോട്ട്
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.