തൃശൂർ: മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നാട്ടിലെ ചുമരുകളിൽ വെളളപൂശൽ തകൃതിയായി നടക്കുകയാണ്. പ്രഖ്യാപനം വരും മുമ്പ് ചുമരുകൾ ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ് പ്രവർത്തകർ. ചിലയിടങ്ങളിൽ ചിഹ്നം വരച്ച് ബാക്കി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഈയാഴ്ച പകുതിയോടെ മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ചുമരുകൾ മുഴുവൻ ബഹുവർണമാകും.
അതേസമയം, സി പി എമ്മിന്റെ പ്രചാരണം ഏത് ദിശയിലായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടുളള ചുമരെഴുത്താണ് തൃശൂർ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാദങ്ങൾ സർക്കാരിനും പാർട്ടിക്കും മേൽ കരിനിഴൽ വീഴ്ത്തുമ്പോൾ ജനക്ഷേമ പ്രവർത്തനങ്ങളും പിണറായിയുടെ ഭരണമികവും അദ്ദേഹത്തിനെതിരെയുളള വേട്ടയാടലുമൊക്കെയാകും സി പി എം പ്രചാരണ വിഷയമാവുക.
തൃശൂർ എം ജി റോഡിൽ പ്രത്യക്ഷപ്പെട്ട ചുമരെഴുത്തിലെ വാചകം ഇങ്ങനെ 'തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം. ഉറപ്പാണ് എൽ ഡി എഫ്, അഭിമാനത്തോടെ ഒരു ചുമരെഴുത്തുകാരൻ.' ഇത്തരത്തിലുളള ചുമരെഴുത്തുകൾ വരുംദിവസങ്ങളിൽ കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നാണ് സി പി എം നേതാക്കളും പറയുന്നത്. കോൺഗ്രസ് നേതാവ് സുധാകരൻ മുഖ്യമന്ത്രിയ്ക്ക് നേരെ പലതവണ നടത്തിയ കുലത്തൊഴിൽ പരാമർശം ചർച്ചയാക്കുക കൂടിയാണ് സി പി എം ലക്ഷ്യം.
പിണറായി തന്നെയാണ് സി പി എമ്മിന്റെ താരപ്രചാരകനെന്ന് അടിവരയിടുന്നത് തിരഞ്ഞെടുപ്പ് പരസ്യങ്ങളെല്ലാം. മുഖ്യമന്ത്രിയായെങ്കിലും 2016ൽ സി പി എമ്മിനെ തിരഞ്ഞെടുപ്പിൽ നയിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്നു വി എസ് അചുതാനന്ദനായിരുന്നു.