ന്യൂഡൽഹി: ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ മരുന്നുകൾ വാങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ജൻ ഔഷധി ദിവസ്’ ആഘോഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ ഷില്ലോംഗിലെ നെഗ്രിംസിൽ 7500 മത് ജൻ ഔഷധി കേന്ദ്രം അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
'മരുന്നുകൾ വിലയേറിയതാണ്. അതിനാൽ പാവപ്പെട്ടവർക്ക് പലപ്പോഴും മരുന്നുവാങ്ങാൻ കഴിയുമായിരുന്നില്ല. അത്തരക്കാർക്കും ഇടത്തരക്കാർക്കും വേണ്ടിയാണ് പ്രധാനമന്ത്രി ജൻ ഔഷധി പരിയോജന നടപ്പിലാക്കിയത്. ജൻ ഔഷധി സേവനം പ്രയോജനപ്പെടുത്തിയതിലൂടെ പാവപ്പെട്ടവർക്ക് ലാഭിക്കാൻ കഴിഞ്ഞത് 9,000 കോടി രൂപയാണ്. യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനും ഈ പദ്ധതി സഹായകമായി. ജൻ ഔഷധി പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വെറും 2.5 രൂപയ്ക്ക് ലഭ്യമാക്കാൻ കഴിഞ്ഞു.ജൻ ഔഷധി ദിനം എന്നു പറയുന്നത് ആഘോഷിക്കാനുള്ള വെറുമൊരു ദിവസമല്ല, ഈ പദ്ധതിയിലൂടെ ഗുണം ലഭിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബന്ധിപ്പിക്കാനും കൂടിയുള്ളതാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.11 കോടിയിലധികം സാനിറ്ററി പാഡുകളാണ് ജൻ ഔഷധി സ്റ്റോറുകളിലൂടെ വിറ്റഴിഞ്ഞത്. 1000ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ സ്ത്രീകളാണ് നടത്തുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വനിതാ ശാക്തീകരണത്തിന് ഇത് സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.
ഗുണനിലവാരമുള്ള മരുന്നുകൾ മിതമായ നിരക്കിൽ നൽകുകയാണ് പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന ലക്ഷ്യമിടുന്നത്. ഓപ്പൺ മാർക്കറ്റിനെക്കാൾ 50ശതമാനം മുതൽ 90 ശതമാനം വരെ വിലകുറച്ചാണ് ജൻ ഔഷധി സ്റ്റോറുകളിലൂടെ വിൽക്കുന്നത്. അതിനാൽത്തന്നെ പാവങ്ങൾക്ക് ഇത് വലിയൊരു ആശ്വാസമാണ്. ആയിരക്കണക്കിന് പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.