ചെന്നൈ: തമിഴ്നാട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 സീറ്റിൽ മത്സരിക്കും. സഖ്യകക്ഷിയായ ഡി.എം.കെയുമായി (ദ്രാവിഡ മുന്നേറ്റ കഴഗം) നടത്തിയ ചർച്ചകൾക്കൊടുവിലാണ് സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്. അന്തരിച്ച കോൺഗ്രസ് എം.പി. വസന്തകുമാറിന്റെ മണ്ഡലമായ കന്യാകുമാരിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ മത്സരിക്കും.
ഇരുപത്തിയഞ്ച് നിയമസഭാസീറ്റുകളിലും കന്യാകുമാരിയിലെ ലോക്സഭാസീറ്റിലും കോൺഗ്രസ് മത്സരിക്കും. രണ്ട് പാർട്ടിയിലെയും പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കുമെന്നും തങ്ങൾ വിജയിക്കുമെന്നും തമിഴ്നാടിന്റെ ചുമതലയുളള കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു മാദ്ധ്യമങ്ങളോട് പറഞ്ഞു. സീറ്റ് പങ്കുവെയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ഡി.എം.കെ ആസ്ഥാനം സന്ദർശിച്ച റാവു, തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടുന്നതിലൂടെ ബി.ജെ.പി ആ പാർട്ടിയെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അവർ എല്ലാ പ്രതിപക്ഷപ്പാർട്ടികളെയും അവസാനിപ്പിക്കാനും ഒറ്റയ്ക്ക് രാജ്യം ഭരിക്കാനും ആഗ്രഹിക്കുന്നു. കോൺഗ്രസ്, ഡി.എം.കെ, ഇടത്, വി.സി.കെ എന്നീപാർട്ടികൾ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും റാവു പറഞ്ഞു.