തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമായേക്കും. ഇന്നലെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗവും എൻ.ഡി.എ യോഗവും ചേർന്നിരുന്നു. എൻ.ഡി.എ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാവാത്തതിനാൽ ബി.ജെ.പിക്ക് പല സീറ്റുകളിലെയും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ജില്ലതിരിച്ചുള്ള സ്ഥാനാർത്ഥി പട്ടികയെക്കുറിച്ചുള്ള ചർച്ച കോർ കമ്മിറ്റിയിൽ ആരംഭിച്ചെങ്കിലും 60 ഓളം സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മാത്രമേ തീരുമാനമായുള്ളൂ. ഇന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും. ഡൽഹിയിൽ നിന്നാണ് പ്രഖ്യാപനമുണ്ടാകുക.