കൊല്ലം: തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി, ഐ.ജി എന്നിവരുടെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ എസ്.ഐയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ജനമൈത്രി നോഡൽ ഓഫീസിൽ കോ-ഓർഡിനേറ്ററായി ജോലിനോക്കുന്ന എസ്.ഐ ജേക്കബ് സൈമണിനെതിരെയാണ് കേസെടുത്തത്.
ഇയാളുടെ കരുനാഗപ്പള്ളിയിലെ വീട്ടിലും തിരുവനന്തപുരത്തെ ഓഫീസിലും കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. വ്യാജ കത്തുകൾ, സീൽ, സർട്ടിഫിക്കറ്റുകൾ, ഡിവൈ.എസ്.പിയുടെ യൂണിഫോം, ഇത് ധരിച്ചുള്ള ഫോട്ടോകൾ എന്നിവ കണ്ടെടുത്തു. ഈ യൂണിഫോം ഉപയോഗിച്ച് ഇയാൾ തട്ടിപ്പ് നടത്തിയതിന്റെ സൂചനകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് മികച്ചസേവനത്തിനുള്ള ഗുഡ് സർട്ടിഫിക്കറ്റ് നൽകൽ, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിവയാണ് ജേക്കബ് ചെയ്തിരുന്നതെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. പൊലീസ് വീട്ടിലെത്തുമ്പോഴേക്കും ജേക്കബ് രക്ഷപ്പെട്ടെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം. എന്നാൽ ഇയാൾ കസ്റ്റഡിയിലുള്ളതായാണ് സൂചന.ഇയാൾക്കെതിരെ വകുപ്പ്തല നടപടി ഉടനുണ്ടാകും.ഡിവൈ.എസ്.പി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.
തട്ടിപ്പ് ഇങ്ങനെ
ഡി.ജി.പി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഐ.ജി എന്നിവരുടെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖ തയ്യാറാക്കൽ
ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് മികച്ചസേവനത്തിനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യൽ
ഡി.ജി.പിയുടെ പി.ആർ.ഒ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണം തട്ടൽ
തട്ടിപ്പ് വിദഗ്ദ്ധൻ
എസ്.ഐ ജേക്കബ് സൈമണിനെതിരെ നേരത്തെയും സസ്പെഷൻ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടിക്ക് വിധേയനായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടപടികളിൽ നിന്ന് ഒഴിവായി ജില്ലാ ആസ്ഥാനത്ത് നിയമനം നേടുകയായിരുന്നു. എസ്.എ.പിയിലുണ്ടായിരുന്ന കാലത്ത് തോക്ക് പുറത്തേക്ക് കടത്തികൊണ്ടുപോയതിന് സസ്പെൻഡ് ചെയ്തിരുന്നു.