ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ശ്രദ്ധകുറവ് നിയമസഭാ തിരഞ്ഞെടുപ്പിൽ മറികടക്കുമെന്ന് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഏറ്റവും മികച്ച സ്ഥാനാർത്ഥി എന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. പാലാ എന്തുവില കൊടുത്തും തിരിച്ചുപിടിക്കുമെന്നും താൻ മത്സരം രംഗത്തുണ്ടാകില്ലെന്നും മുല്ലപ്പളളി വ്യക്തമാക്കി. കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ കേരളകൗമുദി ഓൺലൈനിനോട്..
നേമം സീറ്റ് കിട്ടാത്തതു കൊണ്ട് വിജയൻ തോമസ് രാജിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പറയുന്നത്. തിരിച്ചടിയാകില്ലേ?
എന്ത് തിരിച്ചടിയാണ്. സ്ഥാനാർത്ഥി നിർണയം കഴിയാതെ അയാൾക്ക് സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പോകുന്നതിൽ അർത്ഥമുണ്ടോ? പ്രാഥമികഘട്ട ചർച്ചകൾ മാത്രമേ പൂർത്തിയായിട്ടുളളൂ. മറ്റൊരു ചർച്ചകളിലേക്കും കടന്നിട്ടില്ല.
നേമം, വട്ടിയൂർക്കാവ് ഉൾപ്പടെ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികൾ തന്നെയുണ്ടാകുമോ?
തീർച്ചയായും ഏറ്റവും മികച്ച ജനസമ്മതരായ സ്ഥാനാർത്ഥികൾ തന്നെയുണ്ടാകും. ഭരണം യു.ഡി.എഫിന് ലഭിക്കുമെന്നത് നിശ്ചയമാണ്. സ്ഥാനാർത്ഥി പട്ടികയിൽ എന്തൊക്കെ പ്രതീക്ഷിക്കാം? മത്സരരംഗത്ത് താങ്കൾ ഉണ്ടാകുമോ? ഞാൻ മത്സരരംഗത്തുണ്ടാകില്ല. യുവാക്കൾക്കും വനിതകൾക്കും പരിചയസമ്പന്നർക്കുമെല്ലാം പ്രാതിനിധ്യമുളള ഒരു പട്ടികയായിരിക്കും പുറത്തിറക്കുക. ഞാനും രമേശും ഇന്നലെ തന്നെയെത്തി. ഉമ്മൻചാണ്ടി ഇന്ന് എത്തിയ ശേഷമായിരിക്കും ചർച്ചകൾക്ക് തുടക്കമാവുക. ഇപ്പോഴും പട്ടിക അന്തിമ രൂപത്തിലായിട്ടില്ല.
സംഘടനാപരമായി രണ്ട് കേഡർ പാർട്ടികളെ തിരഞ്ഞെടുപ്പിൽ നേരിടാൻ കോൺഗ്രസ് സജ്ജമാണോ?
തദ്ദേശ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് കുറച്ചു ശ്രദ്ധക്കുറവുണ്ടായി എന്നത് ശരിയാണ്. അർഹതയുളള സ്ഥാനാർത്ഥികളല്ല മിക്കയിടത്തും മത്സരിപ്പിച്ചത്. കെ പി സി സി നിർദേശം പൂർണമായും പാലിക്കപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് മാനേജ്മെന്റ് മൊത്തത്തിൽ വളരെ മോശമായിരുന്നു. റിബലുകളെ പൂർണമായും പിന്മാറ്റുന്ന കാര്യത്തിലൊന്നും വിജയിച്ചില്ല. കുറച്ചുകൂടി നേട്ടമുണ്ടാക്കാമായിരുന്നു എന്നൊക്കെ കണക്കുകൾ വച്ച് വേണമെങ്കിൽ പറയാം. പക്ഷേ, എന്തു പറഞ്ഞാലും ലഭിച്ചത് നല്ല വിജയമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു മികച്ച വിജയമാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം അത്രയ്ക്ക് അനുകൂലമായിരുന്നു. അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ ആ പഴുതുകളെയൊക്കെ അടച്ചുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഞങ്ങൾ ഒരുങ്ങുന്നത്.
എപ്പോഴും കോൺഗ്രസിലെ അഴിയാക്കുരുക്ക് സ്ഥാനാർത്ഥി നിർണയമാണല്ലോ. ഇത്തവണയും അങ്ങനെയാകുമോ?
രാഹുൽ ഗാന്ധി വിളിച്ചുചേർത്ത ഒരു യോഗത്തിൽ എ.കെ ആന്റണിയും കെ.സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസ്സനും ഞാനുമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചയാണ് നടന്നത്. രാഹുൽ ഗാന്ധിക്ക് കേരളത്തെ കുറിച്ചു ഞങ്ങളെക്കാൾ നന്നായി അറിയാം. തദ്ദേശ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു. അത് ലഭിക്കാൻ സ്രോതസുകളുണ്ടല്ലോ. ഇങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാൻ പറ്റില്ല എന്നും പറഞ്ഞു. സ്ഥാനാർത്ഥി നിർണയമാണ് മുഖ്യ പരാജയകാരണം. അതുകൊണ്ട് ഏറ്റവും മികച്ച സ്ഥാനാർത്ഥി എന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതു പൂർണമായും ശിരസാവഹിച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. യുവാക്കൾക്കും വനിതകൾക്കുമൊപ്പം പിന്നാക്ക സമുദായങ്ങൾ അവഗണിക്കപ്പെട്ടുവെന്ന വല്ലാത്ത ധാരണയുണ്ട്. ഇവർക്കെല്ലാം അർഹമായ പ്രാതിനിധ്യമുണ്ടാകും.
കഴിവും കാര്യശേഷിയും മാത്രമായിരിക്കും മാനദണ്ഡം. ഗ്രൂപ്പ് അതിപ്രസരം സ്ഥാനാർത്ഥി നിർണയത്തിൽ തിരിച്ചടിയാകുമോ?
മുൻകാല അനുഭവവും യാഥാർത്ഥ്യവും നമ്മുക്കറിയാം. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണയത്തെ ഇക്കാര്യങ്ങളൊന്നും പ്രതികൂലമായി ബാധിക്കാൻ പാടില്ല എന്നു നിർബന്ധമുണ്ട്.
സി.പി.എം ബി.ജെ.പി ധാരണയുണ്ടെന്ന മുൻനിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണോ?
രണ്ട് പാർട്ടികളുടേയും മുഖ്യശത്രു കോൺഗ്രസാണ്. കോൺഗ്രസിനെ കേരളത്തിൽ ഇല്ലാതാക്കാനുളള ധാരണയാണ് അവർ തമ്മിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് പാർട്ടികളും പരസ്പര സഹായ സംഘങ്ങളാണ്.
വെൽഫെയർ പാർട്ടി ഉൾപ്പടെയുളളവരുമായി ഈ തിരഞ്ഞെടുപ്പിലും ലീഗ് ധാരണയുണ്ടാക്കിയാൽ കോൺഗ്രസ് നിലപാട് എന്തായിരിക്കും?
ഘടകകക്ഷികളുടെ ആഭ്യന്തര കാര്യത്തിൽ ഞങ്ങൾ സി.പി.എമ്മിനെ പോലെ ഇടപെടാറില്ല. പറയുക എന്നല്ലാതെ, ഞങ്ങൾ പറയുന്നതുപോലെ ചെയ്തേ പറ്റൂ എന്ന് പറയാൻ സാദ്ധ്യമല്ല. പക്ഷേ, വെൽഫെയർ പാർട്ടിയുടെ കാര്യത്തിൽ മുസ്ലിം ലീഗ് വ്യക്തമായി തന്നെ അവരുടെ നിലപാട് പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തെ കുറിച്ച് ഇനിയൊരു ചർച്ച വേണ്ട. അത് അടഞ്ഞ അദ്ധ്യായമാണെന്ന് എത്രയോ തവണ ഞാൻ പറഞ്ഞതാണ്.
ജോസ് വിഭാഗത്തിന്റെ പോക്ക് ശക്തികേന്ദ്രമായ മദ്ധ്യതിരുവിതാംകൂറിൽ യു.ഡി.എഫിന് കനത്ത പ്രഹരമാകില്ലേ?
ജോസ് കെ മാണിയുടെ പാർട്ടി ഒരു സാഹചര്യത്തിലും യു.ഡി.എഫ് വിട്ടുപോകാൻ പാടില്ലായിരുന്നു. പോയത് ഇടതുമുന്നണിയിലേക്കാണ്. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പിതാവിനെ കുറിച്ചും രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം നേതാക്കൾ സംസാരിച്ചിട്ടുളളത്. കെ.എം. മാണിയെ വലിയ അഴിമതിക്കാരനായി ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ട് എന്നുപോലും പറഞ്ഞു. അങ്ങനെയുളളവരുടെ കൂട്ടത്തിലേക്ക് യു.ഡി.എഫ് വിട്ടുപോയത് ജോസ് കെ മാണിക്കു സംഭവിച്ച ഗുരുതര വീഴ്ചയാണ്. ജോസ് കെ മാണിയോ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിയോ മത്സരിക്കുമ്പോൾ പാലാ എന്തുവില കൊടുത്തും പിടിച്ചെടുക്കുക എന്നത് ഇപ്പോൾ യു.ഡി.എഫിന് മുന്നിലുളള വെല്ലുവിളിയാണ്. മറുപടി കൊടുക്കണം എന്നതു ഞങ്ങളുടെ നിലപാടാണ്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആരായിരിക്കും മുഖ്യമന്ത്രി?
കോൺഗ്രസിനെ പോലെ നേതൃസമ്പന്നമായ പാർട്ടി കേരളത്തിൽ വേറെയില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ച് കാലാകാലങ്ങളായി കോൺഗ്രസിന് ഒരു പരമ്പരാഗത രീതിയുണ്ട്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ പാർലമെന്ററി പാർട്ടിയാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഹൈക്കമാൻഡിനും നിർണായക പങ്കുണ്ടാകും. നല്ല രീതിയിൽ സുസ്ഥിര ഭരണം ജനങ്ങൾക്ക് കൊടുക്കാൻ സാധിക്കുക എന്നതാണ് മുഖ്യ പരിഗണന. മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണ് തീരുമാനിക്കുക എന്നതിൽ നേതാക്കൾക്കാർക്കും സംശയമില്ല. ഈ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ മനസിൽ പ്രതിജ്ഞയെടുത്ത് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ഐശ്വര്യ കേരളയാത്രയിൽ ഉടനീളം കേരളത്തിലെ മാറ്റം പ്രകടമായിരുന്നു.